
കൊച്ചി: മുന്‍ ധനമന്ത്രി കെ എം മാണിക്ക് ആദരസൂചകമായി സ്മാരകം പണിയാന്‍ ബജറ്റില്‍ കോടികള്‍ നീക്കിവച്ചതിനെതിരെ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍ രംഗത്ത്. പിണറായി സര്‍ക്കാരിന്‍റെ ഈ തീരുമാനത്തോടെ മലയോര കർഷകരും ഇടതുപക്ഷ മുന്നണിയിൽ ചേക്കേറുമെന്നും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷയെന്നും ജയശങ്കര്‍ പരിഹസിച്ചു. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ജയശങ്കര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.
കുറിപ്പ് പൂര്‍ണരൂപത്തില്‍
കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ, എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദർശ രാഷ്ട്രീയത്തിന്‍റെ അപ്പൊസ്തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു.
കോൺഗ്രസ് നേതൃത്വത്തിന്‍റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാൽ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കർഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയിൽ ചേക്കേറും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷ.
ജോസ്മോനു മാനസാന്തരമുണ്ടാകുന്ന പക്ഷം തിരുവനന്തപുരത്തും പാലായിലും മാണി സാറിന്‍റെ ഓരോ പ്രതിമ സ്ഥാപിക്കാനും വിരോധമില്ല. നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam