
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിലെ മുഖ്യ കണ്ണി കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകൻ ബിജു മോഹനനാണെന്ന് ഡിആർഐ. ബിജുവിന് ദുബായിൽ സ്വർണം നൽകുന്ന ജിത്തുവിനെ കുറിച്ചും അന്വേഷണം തുടങ്ങി. 20 കിലോ സ്വർണം കടത്തിയ ബിജുവിന്‍റെ ഭാര്യ വിനീത രത്നകുമാരിയെയും റിമാൻഡ് ചെയ്തു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം അഭിഭാഷകനായ ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. ജിത്തുവെന്നയാളാണ് ദുബായിൽ നിന്ന് സ്വർണം നൽകുന്നത്. 25 കിലോ സ്വർണവുമായി പിടിയിലായ കെഎസ്ആർടിസി കണ്ടക്ടർ തിരുമല സ്വദേശി സുനിലിനെയും കഴക്കൂട്ടം സ്വദേശി സെറീനയെയും സ്വർണ കടത്തേൽപ്പിച്ചത് അഭിഭാഷകനായ ബിജു മോഹനാണ്.
ബിജുവും രണ്ടു പ്രാവശ്യം ദുബായിൽ നിന്ന് സ്വർണം കടത്തിയിട്ടുണ്ട്. ഭാര്യ വിനീത രത്നകുമാറിയെ ഉപയോഗിച്ചും സ്വർണം കടത്തി. നാലു തവണയായി 20 കിലോ സ്വർണം വിനീത കൊണ്ടുവന്നു. വിനീത ദുബായിലേക്ക് പോയപ്പോള്‍ വിദേശ കറൻസിയും കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പിടിയിലായ വിനീതയെ റിമാൻഡ് ചെയ്തു.
തലസ്ഥാനത്തെത്തുന്ന സ്വർണം ബിജുവും സഹായിയായ വിഷ്ണുവും ചേർന്ന വാങ്ങിയാണ് സ്വർണ കച്ചവടക്കാർക്ക് നൽകുന്നത്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് കണ്ടെത്തണമെങ്കിൽ ഒളിവിലുള്ള ബിജുവിനെയും വിഷ്ണുവിനെയും പിടികൂടണമെന്ന് ഡിആർഐ പറഞ്ഞു. ഈ സംഘത്തിന് വിമാനത്താവളത്തിനുള്ളിലെ ജീവനക്കാരുടെ സഹായവും ഡിആർഐ സംശയിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam