
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുല്‍ഗാന്ധിയെ വാഴ്ത്തി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ഏ കെ ആന്‍റണി മുതൽ ഹൈബി ഈഡൻ വരെയുള്ളവര്‍ കേണപേക്ഷിച്ചിട്ടും വാക്ക് മാറ്റിയില്ലെന്നത് രാഹുലിന്‍റെ അന്തസാണെന്ന് ജയശങ്കര്‍ കുറിച്ചു. രാഹുൽഗാന്ധി അന്തസ്സുള്ളവനാണ്, തറവാടിയാണ്, വാക്കിനു വ്യവസ്ഥ ഉളളവനാണ്, പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിച്ച ജയശങ്കര്‍ പുതിയൊരു പ്രസിഡന്റിന്റെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
ജയശങ്കറിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
രാഹുൽഗാന്ധി അന്തസ്സുള്ളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്.
മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോൾ രാഹുൽ മുൻ പിൻ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവർത്തകരുടെയും ആരാധകരുടെയും സമ്മർദ്ദം മൂർച്ഛിക്കുമ്പോൾ രാജി പിൻവലിക്കും, രാജ്യത്തോടുളള കടമ മുൻനിർത്തി പാർട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.
എന്നാൽ, രാഹുൽഗാന്ധി രാജിയിൽ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാർട്ടി ലീഡറാകാൻ വിസമ്മതിച്ചു. ഏ കെ ആന്‍റണി മുതൽ ഹൈബി ഈഡൻ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!!
ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം.
രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നത് കാണാനും ആഗ്രഹിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam