
പാലക്കാട്: മലമ്പുഴയിൽ 12കാരനെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എ.ഇ.ഒയുടെ റിപ്പോർട്ട്. പീഡനവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്‍റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോർട്ടിൽ പറയുന്നു. കാരണം മറച്ചുവെച്ചു. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നവംബര്‍ 18ന് തന്നെ വിവരം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം പിറ്റേന്ന് നവംബർ 19ന് അധ്യാപകനിൽനിന്നും രാജി എഴുതിവാങ്ങി. പക്ഷേ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ട്.
അധ്യാപകൻ മറ്റൊരിടത്തേക്ക് സ്ഥലം മാറുന്നുവെന്നാണ് രാജിയുടെ കാരണമായി പ്രധാനാധ്യാപിക പറഞ്ഞത്. യഥാർത്ഥ കാരണം അറിയിച്ചത് 23ന് വൈകീട്ട് ആറുമണിയോടെ മാത്രമാണ്. അന്നു തന്നെ വിദ്യാഭ്യാസ വകുപ്പ് മുഖേന ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചു. എന്നാൽ 24ന് കുട്ടിയുടെ മൊഴിയെടുക്കാൻ സിഡബ്ല്യുസിയിൽ ഹാജരാക്കാൻ നിർദേശം നൽകിയെങ്കിലും പാലിച്ചില്ല. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാൻ കുട്ടിയെ സിഡബ്ല്യുസിയിൽ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയെന്നും എഇഎയുടെ റിപ്പോർട്ടിൽ പറയുന്നു. വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.
വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂൾ അധികൃതർ വിഷയത്തിൽ പരാതി നൽകിയത്. രക്ഷിതാക്കളുടെ നിസ്സഹകരണം ഉണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നു. അധ്യാപകന്‍റെ രാജി എഴുതി വാങ്ങി, അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകിയതെന്നും എഇഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. എഇഒയുടെ റിപ്പോർട്ട് ഡിഡിഇക്ക് കൈമാറി.
മലമ്പുഴ യു.പി സ്‌കൂളിലെ സംസ്കൃതം അധ്യാപകൻ കൊല്ലങ്കോട് സ്വദേശി അനിലാണ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പിടിയിലായത്. ആറാം ക്ലാസ് വിദ്യാർഥിയായ 12 വയസുകാരനെയാണ് ഇയാൾ ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡനത്തിനിരയാക്കിയത്. താൻ നേരിട്ട പീഡനം വിദ്യാർഥി തന്‍റെ സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അനിലിനെ മലമ്പുഴ പൊലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam