
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ എത്തി. കഴിഞ്ഞദിവസം ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ്‌ഹൗസിൽ എത്താൻ ഇവരെ ക്ഷണിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന റഹീമി എന്നിവരോടൊപ്പമാണ് കുട്ടികൾ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആർ പാർവതി ദേവിയും ചേർന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. ലിഫ്റ്റും എ സിയും ഉള്ള സ്കൂൾ അടിപൊളിയാണെന്ന് കുഞ്ഞുങ്ങൾ മന്ത്രിയോട് പറഞ്ഞു. തുടർന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ റിസൾച്ച് സ്കോളർ ആണ് കുട്ടികളുടെ പിതാവ്. അഞ്ചുവയസ്സുള്ള അഹമ്മദ് മഹിൻ റഹീമി, മൂന്നര വയസ്സുള്ള മഹ്നാസ് റഹിമി എന്നിവരെ കൂടി പ്രീസ്കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണ് അഫ്ഗാൻ ദമ്പതികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam