
കോട്ടയം: ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റ് വീണ്ടുമെടുത്ത് പരിശോധിച്ചപ്പോള്‍ ഓട്ടോ ഡ്രൈവര്‍ സുനില്‍ മനസില്‍ പറഞ്ഞു 'അടിച്ചു മോനേ ഒരു കോടി'. കോട്ടയത്തെ ഓട്ടോ ഡ്രൈവറായ സുനിലിനാണ് രണ്ടു തവണ ഭാഗ്യം തുണച്ചത്. ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം അടിക്കുന്നത് കേരളത്തില്‍ ഒരു പുതിയ സംഭവം അല്ലെങ്കിലും സമ്മാനമില്ല എന്നു കരുതി ഉപേക്ഷിച്ച ഒരു ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ച അപൂര്‍വതയാണ് സുനിലിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. ഈ ആഴ്ചത്തെ ഒരു കോടി ഒന്നാം സമ്മാനമുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി വിജയി ആണ് സുനില്‍. സമ്മാനമില്ല എന്നു കരുതി മാറ്റിവച്ച ലോട്ടറി പിന്നീട് സംശയം തോന്നി വീണ്ടും നോക്കിയപ്പോഴാണ് താന്‍ കോടീശ്വരനായ കാര്യം സുനില്‍ അറിഞ്ഞത്.
ലോട്ടറിയടിച്ചുകൊണ്ടാണ് ഭാഗ്യമെത്തിയതെങ്കില്‍ സ്ഥിരമായി എടുത്ത ലോട്ടറി ടിക്കറ്റുകള്‍ ഒന്നിച്ച് സൂക്ഷിച്ചുവെക്കുന്ന സുനിലിന്‍റെ ശീലമാണ് ആ ഭാഗ്യം നഷ്ടപെടാതിരിക്കാന്‍ കാരണമായത്. വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്നയാളാണ് സുനില്‍. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി പേപ്പറില്‍ പരിശോധിച്ചപ്പോള്‍ അടിച്ചില്ലെന്ന് മനസിലായി. ഒന്നാം സമ്മാനം ആലപ്പുഴയിലും രണ്ടാം സമ്മാനം കൊല്ലം ജില്ലയിലുമാണെന്നാണ് അറിഞ്ഞതെന്നും അടിച്ചില്ലെന്ന് മനസിലാക്കി എടുത്ത ലോട്ടറികള്‍ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കുകയുമായിരുന്നുവെന്നും സുനില്‍ പറഞ്ഞു. എന്നാല്‍, ഒന്നാം സമ്മാനം അടിച്ച 600 നമ്പര്‍ ഉള്‍പ്പെടുന്ന ടിക്കറ്റ് താന്‍ എടുത്തിരുന്നല്ലോ എന്ന സംശയത്തില്‍ ടിക്കറ്റ് വീണ്ടുമെടുത്ത് പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്കാണെന്ന് വ്യക്തമായതെന്നും ലോട്ടറി കീറികളയാത്ത ശീലമാണ് തുണച്ചതെന്നും സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു പാട് വായ്പകളുണ്ട്. സ്വര്‍ണവും പണയം വെച്ചിട്ടുണ്ട്. കടങ്ങളെല്ലാം വീട്ടണമെന്നാണ് ആഗ്രഹമെന്നും സുനില്‍ പറഞ്ഞു. പതിവായി എടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ അടിച്ചില്ലെങ്കിലും ഒന്നിച്ചു കെട്ടിവെക്കുന്നതാണ് സുനിലിന്‍റെ രീതി. ഇത്തരത്തില്‍ ലോട്ടറികള്‍ ഒന്നിച്ചുവെക്കുന്ന സ്ഥലത്ത് ഒരു കോടിയുടെ ലോട്ടറി ടിക്കറ്റും വെച്ചതിനാല്‍ സംശയം തോന്നിയപ്പോള്‍ വീണ്ടും നോക്കാനായി. ഇതോടെ കൈവിട്ടെന്ന് കരുതിയ ഭാഗ്യം വീണ്ടും സുനിലിനെ തേടിയെത്തുകയായിരുന്നു.
താമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം; പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്