'എന്റെ കൈ പിടിച്ച് തിരിച്ചു, വസ്ത്രം വലിച്ചു കീറി', ആക്രമിക്കപ്പെട്ട വനിതാ ഡോക്ടർ

By Web TeamFirst Published Aug 6, 2021, 11:10 AM IST
Highlights

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിലാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വനിതാ ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ഏറ്റവും ഗുരുതരം. സംഭവത്തിൽ കരിമഠം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സർക്കാരാശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണവും മർദ്ദനവും. നഗരമധ്യത്തിലെ ഫോർട്ട് താലൂക്കാശുപത്രിയിലാണ് ആക്രമണമുണ്ടായത്. ഫോർട്ട് ആശുപത്രിയിലെ ഡോ. മാലു മുരളിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കരിമഠം സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. കരിമഠം സ്വദേശിയായ റഷീദ്, വള്ളക്കടവ് സ്വദേശി റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച്, ഇന്ന് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണത്തിലാണ്. താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗമൊഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലും ഡോക്ടർമാർ ഇന്ന് പണിമുടക്കുകയാണ്. 

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ദിവസവും രാത്രി നിരവധി അപകടക്കേസുകൾ അടക്കം എത്തുന്ന സർക്കാരാശുപത്രിയാണ് ഫോർട്ട് താലൂക്കാശുപത്രി. ഇവിടെ രാത്രിയോടെ പരിക്കേറ്റ് എത്തിയ രണ്ട് പേരുമായി ഒരു സംഘമാളുകൾ എത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച ഡോക്ടറോട് ഇവർ തട്ടിക്കയറി. അതൊന്നും നീ അന്വേഷിക്കണ്ടെന്ന് പറഞ്ഞ് അസഭ്യവർഷം നടത്തി. കാത്തിരിക്കാൻ പറഞ്ഞതിന് എനിക്ക് കാത്തിരിക്കാനാകില്ലെന്ന് പറഞ്ഞ് ഡോക്ടറെ കയ്യേറ്റം ചെയ്തു.

''ആക്രമിച്ചത് സ്ഥിരം പ്രശ്നക്കാരായ ആളുകളാണ്. അവർ ആശുപത്രിയിലെത്തി അനാവശ്യ ബഹളം ഉണ്ടാക്കി. പ്രശ്നങ്ങളുണ്ടാക്കിയത് റഷീദ്, റഫീക്ക് എന്നിവരാണ്. അവരെന്‍റെ കൈ പിടിച്ച് തിരിച്ചു. വസ്ത്രം വലിച്ച് കീറാൻ നോക്കി. അസഭ്യവർഷം നടത്തി. കൈ പിടിച്ച് തിരിച്ചപ്പോൾ നഖം കൊണ്ട് എന്‍റെ ദേഹത്ത് കീറി. ചോദിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചതിനാണിതൊക്കെ'', എന്ന് ഡോ. മാലു മുരളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രശ്നമുണ്ടാക്കിയത് സ്ഥിരം പ്രശ്നക്കാരാണെന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും പറഞ്ഞു. ആശുപത്രിയിൽ സിസിടിവി ഇല്ല. ഒരാഴ്ച മുമ്പും പ്രശ്നങ്ങൾ പൊലീസുകാരെ അറിയിച്ചിരുന്നെന്നും ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംഭവമറിഞ്ഞ് മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കണ്ടു. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ''കർശനനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആശുപത്രിക്ക് സുരക്ഷ ഒരുക്കും. അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്'', മന്ത്രി പറഞ്ഞു. 

സംഭവത്തിൽ കർശനനടപടി വേണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. തീർത്തും അപലപനീയമായ ആക്രമണമാണ് നടന്നിരിക്കുന്നത്. കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കെജിഎംഒഎയുടെ തീരുമാനം. 

 

click me!