
കോഴിക്കോട് : ദേശീയ അവാർഡ് ജേതാവായ സംവിധായകൻ കെ പി സുവീരന്‍റെ (K P Suveeran) കുറ്റ്യാടി വേളത്തെ വീടിന് നേരെ വീണ്ടും ആക്രമണ ശ്രമം. ഇന്നലെ വൈകിട്ട് വീടിന് മുന്നിൽ പൊലീസ് കാവലിരിക്കെ ഒരു സംഘം ആക്രോശിച്ച് കൊണ്ട് വീട്ടിലേക്ക് ഓടി വരികയായിരുന്നു. കഴിഞ്ഞ ദിവസം സുവീരനും കുടുംബത്തിനും നേരെയുണ്ടായ ഉണ്ടായ ആക്രമണത്തിൽ ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തതിലുള്ള പ്രകോപനമാവാം വീണ്ടും ആക്രമണ ശ്രമം ഉണ്ടായതിന് പിന്നിൽ.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വീടിൻറെ പിറക് വശത്ത് കൂടി ഒരു സംഘം ആളുകൾ എത്തിയത്. നായ കുരച്ച് ഒച്ചവെച്ചത് കേട്ട് വീടിന് മുന്നിൽ കാവൽ നിന്നിരുന്ന പൊലീസ് സംഘവും ഓടിയെത്തി. ഇതോടെ അക്രമി സംഘം ഓടിപ്പോവുകയായിരുന്നു. നേരത്തെയും സുവീരനെതിരെ ആക്രമണം ഉണ്ടായിരുന്നു. ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറുകയായിരുന്നു അന്ന്. ഫെബ്രുവരി 16ന് വൈകിട്ട് നടന്ന അക്രമ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ചെറുകുന്ന് നെല്ലിയുള്ളതിൽ ശ്യാംജിതിനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിനെതിരായ പ്രകോപനമാവാം വീണ്ടും ആക്രമണ ശ്രമം ഉണ്ടായതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സുവീരൻറെ ഭാര്യ അമൃതയുടെ പേരിലുള്ള സ്ഥലത്തെ ഒരു തുളസിത്തറയുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങളും കേസും ഉണ്ടായിരുന്നു. അമ്പലം നിർമിക്കാനായി ആ സ്ഥലം വിട്ട് നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു സംഘം സമീപിച്ചിരുന്നതായും നൽകാൻ തയ്യാറാവാത്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ഇവർ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനഞ്ച് പേർക്കെതിരെയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സുവീരനും ജീവിത പങ്കാളി അമൃതക്കും നേരെ നടന്ന ആർ എസ് എസ് ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം നേരത്തെ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടിൽ കയറിയാണ് സംഘപരിവാർ ക്രിമിനലുകൾ സുവീരനെയും അമൃതയേയും ആക്രമിച്ചത്. തൻ്റെ ജീവിതത്തിലും, കലയിലും എല്ലാ കാലവും മാനുഷികതയും, മതനിരപേക്ഷതയും ഉയർത്തി പിടിച്ച കലാകാരന്മാരാണിവർ. മാനവികതയുടെ പക്ഷത്തു നിൽക്കുന്ന കലാകാരന്മാർക്കും, എഴുത്തുകാർക്കും നേരെ രാജ്യമെമ്പാടും സംഘപരിവാർ നടത്തുന്ന വേട്ടയുടെ തുടർച്ചയാണിത്.
സംഘപരിവാർ ഭീകരതക്കെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ജനാധിപത്യ ഐക്യനിര ഉയർന്നു വരേണ്ടതുണ്ട്. സുവീരനെയും, അമൃതയേയും ആക്രമിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും പുരോഗമന കലാസാഹിത്യ സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam