
തിരുവനന്തപുരം: ലോകായുക്ത ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും മുന്‍മന്ത്രി കെ ടി ജലീൽ (K T Jaleel). സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിൽ ആറ് കേസുകളിൽ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനെന്നും വിമർശനം. തനിക്കെതിരായ ലോകായുക്ത കേസിൽ വെളിച്ചത്തെക്കാൾ വേഗതയിൽ വിധി പറഞ്ഞുവെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു.
മൂന്നരവർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധിപുറപ്പെടുവിച്ചെന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനാണെന്നാണ് ഇന്നത്തെ പുതിയ ആക്ഷേപം. മുമ്പ് ഏആർ നഗർ സഹകരണ ബാങ്കിലെ നിക്ഷേപങ്ങളിൽ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട് ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ പിണറായി വിജയൻ പരസ്യമായി തള്ളിയിരുന്നു. ഇതിന് ശേഷം കെ ടി ജലീൽ ഒറ്റപ്പെടുന്നത് ലോകായുക്ത വിവാദത്തിലാണ്. വിമർശനങ്ങൾ വസ്തുതാപരമാണെന്നും മരണം വരെ പാർട്ടിക്കൊപ്പമാണെന്നും ജലീൽ തുടർപോസ്റ്റിൽ കുറിച്ചു. വളയമില്ലാതെയാണ് ചാട്ടമെങ്കിൽ കെ ടി ജലീലിന്‍റെ യഥാർത്ഥ ലക്ഷ്യം എന്ത് എന്നതാണ് ഉയരുന്ന ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും"
2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു UDF ന്റെ ലക്ഷ്യം. മൈനോരിറ്റി കോർപ്പറേഷന്റെ വക്കീൽ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ൽ ഇല്ലായിരുന്നെങ്കിൽ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസൻ.
സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം 6 വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത "മഹാനാണ്" (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.
"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. "എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല".
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam