
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. ഇന്ന് രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.
കെൽട്രോൺ മുൻകൈയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ തുടക്കം മുതൽ തന്നെ കല്ലുകടി ഉണ്ടായിരുന്നു. സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ധനവകുപ്പിറക്കിയതാണ്. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലവിലുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.
എസ്ആര്‍ഐടിക്ക് കരാര്‍ നൽകിത് ഗതാഗത വകുപ്പുപോലും അറിഞ്ഞിരുന്നില്ല. കരാറും ഉപകരാറുമായി കുഴഞ്ഞു മറിഞ്ഞ് ക്യാമറകൾ സ്ഥാപിച്ചു. പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണ മന്ത്രിസഭ മടക്കിയിരുന്നു. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്ന് ഗതാഗത മന്ത്രിയും നിലപാടെടുത്തുവെന്നാണ് വിവരം.
കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെ നിന്ന് തുടങ്ങി ചീഫ് സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല. കോടികൾ മുടക്കി കേരളത്തിലുടനീളം ക്യാമറകൾ സ്ഥാപിച്ചു. പൊതുമേഖലാ സ്ഥാപനം പൂർത്തിയാക്കിയ പദ്ധതിയായതിനാൽ ഇനി പിന്നോട്ട് പോകാനാവില്ല. വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഇപ്പോൾ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam