
മലപ്പുറം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ന് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ആദ്യ ദിവസത്തെ ചർച്ചകളിൽ എഐ ക്യാമറ വിവാദം വന്നില്ല. പാർട്ടി നേതൃ യോഗത്തിൽ വിഷയം ആരും ഉന്നയിച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഒന്നും വിശദീകരിച്ചതുമില്ല. റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങിയത്. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും യോഗം ചേരും.