
ആലപ്പുഴ: സുനില്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ ഒരു സര്‍വെ റിപ്പോര്‍ട്ടും എ.ഐ.സി.സിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. ആരുടെതാണ് റിപ്പോര്‍ട്ടെന്ന് തനിക്കറിയില്ല. 2014-ലും ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു. അന്ന് തോല്‍ക്കുമെന്ന് പറഞ്ഞവരെല്ലാം ജയിക്കുകയാണ് ചെയ്‌തെന്നും വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും കയ്യൊപ്പാണ്. ഇപ്പോള്‍ അതിന്റെ അവകാശവാദം ഉന്നയിക്കുന്നവര്‍ ഉള്‍പ്പെടെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ നിര്‍ണ്ണായക ചുവടുവെയ്പ്പ് ആരാണ് നടത്തിയതെന്ന് മനസിലാകും. ഉമ്മന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണത്. ആ സംഭാവനയെ തള്ളിപ്പറയുന്ന സി.പി.എം ഉമ്മന്‍ചാണ്ടിയെ വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ക്കൂടിയും അപമാനിക്കണമോയെന്ന് ചിന്തിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജനം ആദരിക്കുന്ന നേതാക്കളെ എങ്ങനെ അപമാനിക്കാമെന്ന് എല്ലാ ദിവസവും ഗവേഷണം നടത്തുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ നടക്കുന്നുവെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറുമെന്നായിരുന്നു വിവരം. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? അടിമുടി പരിശോധിക്കുന്നതാണ് സര്‍വേ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സര്‍വേ തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam