
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തകര്‍പ്പൻ വിജയത്തിൽ ശക്തമായ സാന്നിധ്യമായി എഐസിസിയുടെയും കെ.സി. വേണുഗോപാലിന്റെയും ശ്രദ്ധേയമായ ഇടപെടലുകളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും വ്യക്തമായ പ്ലാനിങ്ങോടെയുള്ള പ്രവർത്തനങ്ങളാണ് മുന്നണി കാഴ്ചവെച്ചത്. കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമായ 'ഇന്ദിരാ ഗ്യാരന്റി' ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ എഐസിസിസി മുഖ്യപങ്ക് വഹിച്ചു. എഐസിസി നേതൃത്വം നൽകിയ ഈ പിന്തുണ ഏറെ പ്രധാനമായിരുന്നു. എൺപതിലധികം മണ്ഡലങ്ങളിലായി 86 പൊതുയോഗങ്ങളിലാണ് കെസി വേണുഗോപാൽ നേരിട്ട് പങ്കെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾ ഉയർത്തിക്കാട്ടി സിപിഎം-ബിജെപി അന്തർധാര തിരഞ്ഞെടുപ്പ് ചർച്ചയാക്കുന്നതിന് കെസി നേതൃത്വം നൽകി. എഫ്സിആർഎ നിയമഭേദഗതിക്കെതിരായ പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ സഹായിച്ചു. ഹൈന്ദവ വോട്ടുകളെ സ്വാധീനിച്ച ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചകളും പ്രചാരണത്തിൽ സജീവമായി നിലനിർത്തി.
എഐസിസി നേരിട്ട് നടത്തിയ ശാസ്ത്രീയ സർവ്വേകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതും. ഇതിനായി രണ്ട് വർഷം മുൻപേ എഐസിസി വിദഗ്ധ സംഘം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കളുമായി കെസി. വേണുഗോപാൽ നേരിട്ട് ചർച്ചകൾ നടത്തുകയും അവരെ അനുനയിപ്പിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാക്കുകയും ചെയ്തു. താഴെത്തട്ടിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 59 നിയമസഭാ നിരീക്ഷകർക്ക് പുറമെ ദേശീയ നേതാക്കളെയും നിയോഗിച്ചു. സച്ചിൻ പൈലറ്റ്, കനയ്യ കുമാർ ഉൾപ്പെടെയുള്ള എഐസിസി നേതാക്കളും കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും വിവിധ ജില്ലകളുടെ ചുമതലക്കാരായി കേരളത്തിൽ ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു.
മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (ജേക്കബ്), ആർഎസ്പി തുടങ്ങിയ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും ജില്ലാതല ഏകോപനവും വിജയകരമായി പൂർത്തിയാക്കി. വിവിധ മത-സാമുദായിക സംഘടനകളുമായി നിരന്തരമായ ചർച്ചകൾ നടത്തി എല്ലാ സമുദായങ്ങളുടെയും പിന്തുണ ഉറപ്പാക്കാനും സോഷ്യൽ എഞ്ചിനീയറിംഗ് വഴി സാധിച്ചു. സിപിഎമ്മിലെ അതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും യുഡിഎഫ് അനുകൂല നിലപാടിലേക്ക് എത്തിക്കുന്നതിലും നേതൃത്വം സജീവമായി ഇടപെട്ടു. കേരളത്തിൽ ശക്തമായി പ്രചാരണം നയിക്കാൻ ഒത്തൊരുമയോടെ പ്രവര്‍ത്തനം നടത്തി വിജയത്തിലേക്ക് നടന്നുകയറാൻ കെസി വഴി എഐസിസി ഇടപെൽ ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.
ചരിത്രപരമായ വിജയമാണ് യുഡിഎഫ് കരസ്ഥമാക്കിയത്. ഒത്തൊരുമയോടെയുള്ള കോൺഗ്രസ് നേതൃത്വത്തിൽ മുന്നോട്ടുപോയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ ഇന്ദിരാ ഭവനിൽ വിജയ മധുരം നുകരുമ്പോൾ, വിഡി സതീശനും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ശശി തരൂരുമടക്കമുള്ള നേതാക്കൾ പരസ്പരം ആശ്ലേഷിച്ചാണ് ആഹ്ലാദം പങ്കിട്ടത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പൊതുവായുള്ള പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam