
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തിൽ അതിവേഗം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പരീക്ഷയെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി പിൻവലിച്ചു. ഉദ്ദേശിച്ചത് കെ ടെറ്റ് പരീക്ഷയാണെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശദീകരിച്ചു.
പ്രത്യേക പരീക്ഷ വഴി എയ്ഡഡ് അധ്യാപക നിയമനത്തിൽ സർക്കാർ കൈവെക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അതിവേഗമാണ് ചർച്ചയായത്. ഒരുപാട് മാറ്റങ്ങൾക്ക് തുടക്കമിട്ട ശിവൻകുട്ടിയുടെ അടുത്ത നിർദ്ദേശമെന്ന നിലയിലാണ് ചർച്ച ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമനത്തിൽ തൊടാൻ സർക്കാർ ശ്രമിക്കുമോ എന്ന നിലയിൽ വരെ ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉണ്ടായി. എന്നാൽ, പരിഷ്ക്കാര പോസ്റ്റിന് ആയുസ് അധികമുണ്ടായില്ല. ഏഷ്യാനെറ്റ് ന്യൂസിലൂടെ മന്ത്രി തിരുത്ത് വരുത്തുകയും ഒപ്പം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ എയ്ഡഡ് അധ്യാപക നിയമനത്തിനായി പരീക്ഷയെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. നേരത്തെ യുആർ അനന്തമൂർത്തി കമ്മീഷനും സിപി നായർ കമ്മിറ്റിയും എയ്ഡഡ് നിയമനത്തിലെ നിയന്ത്രണത്തിനായി വെച്ച ശുപാർശകൾ ഒരു സർക്കാറുകള്‍ നടപ്പാക്കിയില്ല. മത-സാമുദായിക സംഘടനകൾ നിയന്ത്രിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിൽ ഇടപെടാൻ ഇടത് വലത് സർക്കാറുകൾക്ക് എക്കാലവും മടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam