
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു. ശക്തമായ കാറ്റിൽ ഓടുകൾ പറന്ന് വീടിനകത്തും പുറത്തുമായി വീണു. അത്താണി കേരള ആയുർവേദ ഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാഞ്ഞിരത്തിങ്കൽ സൈമണിന്‍റെ വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊട്ടിയ ഓട് സൈമണിന്‍റെ തോളിൽ വീണ് പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് സംഭവം. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനെത്തിയ ഗൾഫ് വിമാനത്തിൽ നിന്നുണ്ടായ ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്ന് വീട്ടുകാർ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ പടിഞ്ഞാറ് മാറി ദേശീയപാതയോട് ചേർന്നാണ് അത്താണി ശാന്തി നഗർ സ്ഥിതി ചെയ്യുന്നത്.
സൈമണും ഭാര്യ ശോശാമ്മയും രാവിലെ പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ താഴ്ന്ന് പറന്ന വിമാനത്തിന്റെ പ്രകമ്പനത്തിൽ വീടിന്റെ മേൽക്കൂര കുലുങ്ങുകയും ഓടുകൾ പറന്ന് വീഴുകയും ചെയ്തു. ഏകദേശം 100ഓളം ഓടുകളാണ് കാറ്റിൽ പറന്ന് വീണത്. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സൈമണിന്റെ ദേഹത്ത് ഓട് വീണത്.
രണ്ട് വർഷം മുമ്പ് സമീപത്തെ മറ്റ് വീടുകൾക്കും സമാനമായ കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് ജംബോ ഉൾപ്പെടെയുള്ള വിമാനങ്ങൾ ഉയരുമ്പോഴും ഇറങ്ങുമ്പോഴും ശക്തമായ കാറ്റിൽ വീടുകളുടെ ജനലുകളും വാതിലുകളും ഇളകുന്നതും ഓടുകളും ഷീറ്റുകളും പറന്ന് വീഴുന്നതും പതിവാണെന്നും അവർ പറഞ്ഞു. വിമാനങ്ങൾ പറന്നുയരുന്നതും ലാൻഡ് ചെയ്യാൻ താഴ്ന്നിറങ്ങുന്നതുമായ ദിശകളിലാണ് ശാന്തിനഗറിലെ വീടുകൾ സ്ഥിതി ചെയ്യുന്നത്. സൈമൺ പഞ്ചായത്ത് അധികൃതരെയും വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam