
കോട്ടയം: എസ്എഫ്ഐ (SFI Leaders) നേതാക്കൾക്കെതിരെ എഐഎസ്എഫ് (AISF) വനിതാ നേതാവ് പൊലീസിന് മൊഴി നൽകി. എംജി സർവകാലശാല (MG University) സെനറ്റ് തെരഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും (Rape threat) ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് വനിതാ നേതാവിൻ്റെ പരാതി.
കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് യുവതി മൊഴി നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും സംഭവത്തിൽ ഇവർ പരാതി നൽകി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ.എം.അരുൺ എന്നിവർക്കെതിരെയാണ് പരാതി. അരുൺ മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്നായിരുന്നു ഇന്നലെ എഐഎസ്എഫ് ആരോപിച്ചത്. ഇന്ന് ആരോപണം തിരുത്തുകയായിരുന്നു. പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് എഐഎസ്എഫ് അറിയിച്ചു.
എസ്എഫ്ഐ നേതാക്കളുടെ ഭീഷണി നേരിട്ട ശേഷം മാനസികമായി തളർന്ന അവസ്ഥയിലാണെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്എഫഐ നേതാക്കളിൽ നിന്നുണ്ടായി. തനിക്കൊപ്പമുള്ള പെൺകുട്ടികളും സംഭവത്തിന് ശേഷം തളർന്നിരിക്കുകയാണ്. ഇനിയൊരാളും എസ്എഫ്ഐക്കെതിരെ മത്സരിക്കരുത് എന്ന ദുഷ്ടലാക്കോടെയാണ് ഇത്രയും മോശമായി പെരുമാറുന്നതെന്നും എന്തു വന്നാലും പരാതിയിൽ ഉറച്ചു നിൽക്കുമെന്നും പരാതിക്കാരി പറഞ്ഞു. വിഷയത്തിൽ ശ്രദ്ധയിൽപ്പെട്ടെന്നും എന്നാൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വിഷയത്തിൽ മറുപടി പറയുകയും വേണ്ട ഇടപെടൽ നടത്തുകയും ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam