
കണ്ണൂർ: കണ്ണൂരിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കെ സുധാകരനുമായി സംസാരിച്ചെന്ന് എകെ ആന്‍റണി വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണയപ്പെടുത്തി പോരാടിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞില്ല. ഇന്ന് 12 മണിക്ക് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം സുധാകരൻ മാറ്റിവെച്ചു. കണ്ണൂരിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ.
പാർട്ടി വിടുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നുള്ള സുധാകരന്‍റെ ഭീഷണി എത്തിയതോടെയാണ് ഹൈക്കമാൻഡ് കൂടുതൽ പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ് നേതാക്കളോട് ഗുഡ്ബൈ പറഞ്ഞ സുധാകരൻ വിളിച്ച നേതാക്കളോടെല്ലാം ക്ഷുഭിതനായിട്ടാണ് പ്രതികരിച്ചത്. സുധാകരന്‍റെ 'ഗുഡ‍് ബൈ'ക്ക് പിന്നാലെയാണ് രമേശ് ചെന്നിത്തലയും എ കെ ആന്‍റണിയും നിർണായക ഇടപെടലുമായി രംഗത്തെത്തിയത്. അന്തിമ തീരുമാനം വന്നാലുടൻ കണ്ണൂരിൽ വലിയ ആഘോഷത്തിനാണ് അണികളുടെ തീരുമാനം. ദില്ലിയിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങുമ്പോൾ സുധാകരന് വമ്പൻ സ്വീകരണം ഒരുക്കാനായി പ്രവർത്തകർ കാത്തിരിക്കുകയാണ്. എയർപോർട്ട് മുതൽ റോഡ് ഷോ നടത്തിയാകും സുധാകരൻ കണ്ണൂർ ഡി സി സിയിലും മണ്ഡലത്തിലുമെത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam