
പാലക്കാട്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലൻ. സമരങ്ങൾക്ക് സർക്കാര്‍ എതിരല്ല. പക്ഷെ പ്രതിപക്ഷ സമരങ്ങൾ നിയമവിരുദ്ധവും കോടതി വിധിയെ വെല്ലുവിളിക്കുന്നതുമെന്ന് എകെ ബാലൻ പാലക്കാട്ട് പറഞ്ഞു, മന്ത്രി കെടി ജലീലിന് പൂര്‍ണ പിന്തുണയും എകെ ബാലൻ നൽകി.
സ്വാഭാവികമായ ചോദ്യങ്ങളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദിച്ചത്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ് ചോദിച്ചതെന്ന് അറിയില്ല. അത് പുറത്ത് പറയാനും കഴിയില്ല. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പോയത് എങ്ങനെ തെറ്റാകുമെന്നും എകെ ബാലൻ ചോദിച്ചു. ജലീൽ കുറ്റക്കാരൻ ആണെന്ന് ആരും പറഞ്ഞിട്ടില്ല.
കെടി ജലീൽ ഇടത് പക്ഷത്തേക്ക് വന്നത് മുസ്ലീം ലീഗിന് വലിയ ക്ഷീണമായിരുന്നു. മാർക്ക് ദാന വിവാദത്തിൽ മന്ത്രിക്ക് ഒരു പങ്കും ഇല്ലെന്ന് തെളിഞ്ഞതാണ്. കൈയിൽ കിട്ടുന്ന ആരോപണങ്ങൾ ഉന്നയിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും എകെ ബാലൻ പറഞ്ഞു. ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങൾ എന്നിവ സ്വീകരിച്ചതിൽ തെറ്റില്ല.
ഏജൻസികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പി ചിദംബരം അടക്കം നേതാക്കൾക്ക് പാര്‍ട്ടിയിൽ സ്ഥാനക്കയറ്റം നൽകുകയാണ് കോൺഗ്രസ് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങളിൽ കെപിസിസി നിലപാട് എന്താണെന്നും ഏകെ ബാലൻ ചോദിച്ചു.
കൊവിഡ് ഭീതി കണക്കിലെടുത്താണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പോലും നീട്ടിവക്കുന്നത്. ഭീതിജനകമായ സാഹചര്യത്തിൽ കലാപത്തിന് നേതൃത്വം കൊടുക്കുന്നത് മനുഷ്യത്വപരമല്ല. കൊവിഡ് വ്യാപനത്തിന് കാരണം യുഡിഎഫ് ബിജെപി സമരങ്ങളെന്നും എകെ ബാലൻ ആരോപിച്ചു, കൈ മെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് കൊവിഡ് വ്യാപന സാഹചര്യം ആവശ്യപ്പെടുന്നത്. പകരം കെപിസിസിയുടെ അറിവോടെയാണ് മതവിഭാഗങ്ങളെ പോലും തെരുവിലിറക്കുകയാണെന്ന് എകെ ബാലൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam