
കോഴിക്കോട്: സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിലാണ് എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. എന്നാൽ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ എലത്തൂരിൽ വിജയം ഉറപ്പെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൽഡിഎഫ് ഭരണം തുടരും. സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം ആണ് ഉയർന്ന പോളിംഗ് എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. എൽഡിഎഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ 80സീറ്റിലധികം ഉറപ്പാണെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്.
ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100ലധികം സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ, കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുന്നു. ചുരുങ്ങിയത് മൂന്ന് സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗ് ആണ് നടന്നത്. വടക്കുള്ള പല ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ് ഐ ആറിന് ശേഷമുള്ള ആദ്യബല പരീക്ഷണം മലബാറിൽ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലും കണക്ക് കൂട്ടലിലുമാണ് മുന്നണികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam