ലോട്ടറി എടുത്തത് നറുക്കെടുപ്പിന് രണ്ടുമിനിറ്റ് മുമ്പ് ; ഒടുവിൽ ലേഖയെ തേടിയെത്തിയത് ഭാ​ഗ്യദേവതയുടെ കടാക്ഷം

By Nithya RobinsonFirst Published Nov 8, 2019, 3:09 PM IST
Highlights

മൂന്ന് വർഷം മുമ്പാണ് ലേഖയുടെ ഭർത്താവ് പ്രകാശിന് വാഹനാപകടം ഉണ്ടായി ജോലിക്ക് പോകാൻ സാധിക്കാതായത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ലേഖ, ലോട്ടറി വിൽപനയിലേക്ക് കടക്കുകയായിരുന്നു.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്നതിനിടെയാണ് തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിലെ ലേഖ പ്രകാശിനെ ഭാ​ഗ്യം തേടിയെത്തിയത്. നറുക്കെടുക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ലേഖ ലോട്ടറി ടിക്കറ്റ് എടുത്തത്. ഒടുവിൽ നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഭാ​ഗ്യം കടാക്ഷിച്ചത് ലേഖയെ തന്നെ. പ്രതീക്ഷിക്കാതെ ലോട്ടറി അടിച്ചപ്പോൾ സന്തോഷം തോന്നിയെന്ന് ലേഖ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

'സാധാരണക്കാർ പ്രതീക്ഷിക്കുന്നത് 5000 രൂപയാണ്. അതിൽ കൂടുതലൊന്നും നമ്മൾ പ്രതീക്ഷിക്കില്ല. ഒട്ടും പ്രതീക്ഷിക്കാതെ ലോട്ടറി അടിച്ചപ്പോൾ സന്തോഷം തോന്നി'- ലേഖ പ്രകാശ് പറയുന്നു. നേരത്തെ ലോട്ടറി വിൽപന നടത്തിയിരുന്ന ആളാണ് ലേഖ. ഈ മാസം ആറാം തീയതി 2.58ഓടെയാണ് ലേഖ അക്ഷയ ഭാ​ഗ്യക്കുറി എടുക്കുന്നത്. മൂന്ന് മണിക്ക് നറുക്കെടുത്തപ്പോൾ ഭാഗ്യം ലേഖയെ തേടി എത്തുകയായിരുന്നു. 

പ്രാരാബ്ധം നിറഞ്ഞ ലേഖയുടെ ജീവിതത്തിനാണ് ഇതോടെ ആശ്വാസമാകുന്നത്. മൂന്ന് വർഷം മുമ്പാണ് ഡ്രൈവർ ആയിരുന്ന ഭർത്താവ് പ്രകാശിന് വാഹനാപകടത്തില്‍ പരിക്കേറ്റ് ജോലിക്ക് പോകാൻ സാധിക്കാതായത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ലേഖ, ലോട്ടറി വിൽപനയിലേക്ക് കടക്കുകയായിരുന്നു. കളക്ട്രേറ്റിന് മുമ്പിലായിരുന്നു ലോട്ടറി വിൽപന. അതിൽ നിന്നും ലഭിക്കുന്ന തുക കൊണ്ടായിരുന്നു നാല് മക്കൾ അടങ്ങുന്ന കുടുംബം മുന്നോട്ട് പോയത്. ഇതിനിടയിൽ ലേഖയും വീണ് കാലിന് പൊട്ടലുണ്ടായി. ഇതോടെ ലോട്ടറി വില്പന നിന്നു. രണ്ട് വർഷം വരെ താൻ ലോട്ടറി വിറ്റിരുന്നുവെന്ന് ലേഖ പറയുന്നു.

പിന്നീട് പാനീയങ്ങൾ വിൽക്കുന്ന ഒരു കട തുടങ്ങി. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു ലേഖക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെയാണ് ആറാം തീയതി ലേഖ കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽ നിന്ന് ഭാ​ഗ്യക്കുറി എടുക്കുന്നത്. ഒരു ഡസൺ ലോട്ടറി ടിക്കറ്റുകളാണ് ലേഖ എടുത്തത്. ഇതിൽ  എവൈ–771712 നമ്പർ ടിക്കറ്റിന് നറുക്ക് വീഴുകയായിരുന്നു. 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള പതിനൊന്ന് പ്രോത്സാഹന സമ്മാനങ്ങളും ലേഖയെ തേടിയെത്തി. 

നാല് മക്കളടങ്ങുന്ന ഈ കുടുംബത്തിന് വീടും സ്ഥലവും ഇല്ല. ഭാ​ഗ്യ ദേവത കടാക്ഷിച്ച തുക കൊണ്ട് പുതിയൊരു വീട് വയ്ക്കണമെന്നും സ്ഥിര വരുമാനം ലഭിക്കുന്ന തരത്തിലൊരു കട നടത്തണമെന്നും ചെറുപുഞ്ചിരിയോടെ ലേഖ പ്രകാശ് പറയുന്നു. വാടക വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നതെങ്കിലും ഇപ്പോൾ കുടുംബ വീട്ടിലാണ് ലേഖ.

'ഞാൻ ഭാ​ഗ്യകുറി എടുക്കുമായിരുന്നു. വയ്യാത്ത ആളുകളും പ്രായമായവരും കൊണ്ടുവരുന്ന ലോട്ടറി ടിക്കറ്റുകൾ, അവരുടെ ബുദ്ധിമുട്ടുകൾ കണ്ട് വാങ്ങും. ലോട്ടറി വിറ്റുകൊണ്ടിരുന്നപ്പോഴും ഞാൻ ടിക്കറ്റ് എടുക്കുമായിരുന്നു. തമ്പുരാൻ നമ്മളേ ഒന്നും കൈവിടില്ല. കുറേ നാൾ ദുഖിക്കുമ്പോൾ ഒരിക്കൽ നമുക്ക് വെളിച്ചം കിട്ടും'- ലേഖ പറയുന്നു. 

സ്നേഹിച്ച് വിവാഹം കഴിച്ചതിനാൽ മറ്റ് ബന്ധുക്കൾ ആരും തന്നെ തങ്ങളെ സഹായിക്കാനില്ലായിരുന്നുവെന്നും ലേഖ പറയുന്നു. 2007 ഡിസംബറിലാണ് പ്രകാശും ലേഖയും തമ്മിൽ വിവാഹിതരായത്. കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരാണ് മക്കൾ. 
 

click me!