എറണാകുളത്ത് പിടിയിലായ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച്

By Web TeamFirst Published Sep 19, 2020, 10:27 AM IST
Highlights

പാതാളത്ത് പിടിയിലായ മു‍ർഷിദിൽ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എൻഐഎ പിടികൂടിയിട്ടുണ്ട്. 

കൊച്ചി: അൽ ഖ്വയ്ദ ബന്ധത്തെ തുട‍ർന്ന് പിടിയിലായ മൂന്ന് ബം​ഗാൾ സ്വദേശികളെക്കുറിച്ച് കേരള പൊലീസിൻ്റെ രഹസ്യാന്വേഷണവിഭാ​ഗം അന്വേഷണം ആരംഭിച്ചു. തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. 

അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളായ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വ‍ർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിച്ചു വരികയാണ്. 

കേരള പൊലീസിനേയോ രഹസ്യാന്വേഷണ വിഭാ​ഗത്തെയോ അറിയിക്കാതെയാണ് എൻഐഎ സംഘം ഇന്നലെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്. രാവിലെ മാധ്യമങ്ങൾ അറസ്റ്റ് വാ‍ർത്ത പുറത്തു വിട്ടപ്പോൾ മാത്രമാണ് ഇക്കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞത്. ഇന്നലെ അ‍ർധരാത്രി രണ്ട് മണിയോടെയാണ് എൻഐഎ മൂവരേയും പിടികൂടിയത്. 

പെരുമ്പാവൂ‍രിൽ നിന്നാണ് മൊഷറഫ് ഹുസൈനെ പിടികൂടിയത്. മു‍ർഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തിൽ നിന്നുമാണ് പിടികൂടിയത്. ഇവ‍ർ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പക‍ൽ മുഴുവൻ ഇൻ്റ‍ർനെറ്റിൽ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുടെ രീതി. പാതാളത്ത് നിന്നും പിടിയിലായ മു‍ർഷിദിൽ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എൻഐഎ പിടികൂടിയിട്ടുണ്ട്. 

ലോക്ക് ഡൗണിൻ്റെ ഇടയിലാണ് മു‍ർഷിദ് ഞങ്ങളുടെ റൂമിലേക്ക് വരുന്നത്. ആഴ്ചയിൽ രണ്ട് ദിവസമൊക്കെയേ ജോലിക്ക് പോകൂ. അല്ലാത്ത സമയത്തെല്ലാം റൂമിൽ തന്നെ കാണും. വീട്ടിൽ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് അവൻ ഞങ്ങളോട് പറഞ്ഞിരുന്നത് - മു‍ർഷിദിനൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഇയാളടക്കം ആറ് പേരാണ് മു‍ർഷിദിനൊപ്പം താമസിച്ചിരുന്നത്. 

ഇന്ന് പുല‍ർച്ചെ രണ്ട് മണിയോടെയാണ് ഒരു സംഘം ആളുകൾ ‍ഞങ്ങളുടെ ക്യാംപിലേക്ക് വന്നത്. മു‍ർഷിദിനെ കൊണ്ടു പോയ അവ‍ർ ‍‍ഞങ്ങളുടെയെല്ലാം ആധാ‍ർ കാർഡ‍ും മൊബൈൽ ഫോണും വാങ്ങി വച്ചു. അതു തിരിച്ചു വാങ്ങാനായാണ് ഇപ്പോൾ ഇവിടേക്ക് വന്നത് -കൊച്ചിയിലെ എൻഐഎ ഓഫീസിന് മുന്നിൽ വച്ചു അന്യസംസ്ഥാനത്തൊഴിലാളി പറ‍ഞ്ഞു. കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തിൽ നിന്നാണ് മു‍ർഷിദിനെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്. 

പെരുമ്പാവൂരിൽനിന്ന് അറസ്റ്റിലായ മൊഷറഫ് ഹുസൈൻ 10 വർഷമായി കേരളത്തിലുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി സ്പഷ്യൽ ബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നു. പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. മു‍ർഷിദും നേരത്തെ പെരുമ്പാവൂരിൽ തങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. എൻഐഎ അറസ്റ്റിൻ്റെ വിവരം പുറത്തു വന്നതിന് പിന്നാലെയാണ് കേരള പൊലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. 

click me!