
കോഴിക്കോട്: പന്തിരാങ്കാവ് യുഎപിഎ കേസിൽ അലനും താഹക്കും നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യുഡിഎഫ് ഇനിയും പ്രതികരിക്കുമെന്ന് ടി സിദ്ധിഖ്. ഇരുവരുടെയും മാതാപിതാക്കളുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കും യുഡിഎഫിന്റെ അടുത്ത നീക്കം. എന്നാൽ ഇരുവർക്കും രാഷ്ട്രീയ പിന്തുണ നൽകാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും മനുഷ്യാവകാശ ലംഘനത്തിന് ഇരയായവർ എന്ന നിലയിൽ മാത്രമാണ് യുഡിഎഫ് പിന്തുണ നൽകുന്നതെന്നും ടി. സിദ്ധിഖ് വ്യക്തമാക്കി.
ഇരുവരും മാവോയിസ്റ്റുകളാണൊ എന്ന് പറയേണ്ടത് അന്വേഷണത്തിനൊടുവിലാണ്. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിന് തുല്യമാണ്. അലൻ താഹ വിഷയത്തിൽ മോഹനൻ മാസ്റ്ററാണൊ കോടിയേരിയാണോ ശരി എന്നത് സിപിഎം വ്യക്തമാക്കണമെന്നും ടി സിദ്ധിഖ് പറഞ്ഞു.
അതേസമയംതാഹയുടെയും അലന്‍റേയും വീട്ടില്‍ രമേശ് ചെന്നിത്തല സന്ദർശനം നടത്തിയിരുന്നു. താഹയുടെ വീട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് അലന്‍റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം. യുഎപിഎ കേസ് നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയിരുന്നു.
"യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമൊന്നുമില്ല". ഈ വിഷയത്തിൽ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. താഹയ്ക്കും അലനും വേണ്ടി യുഡിഎഫ് ശക്തമായി ഇടപെടുമെന്നതിന്‍റെ സൂചനയാണ് പ്രതിപക്ഷ നേതാവിന്‍റെ സന്ദര്‍ശനത്തിലൂടെ വ്യക്തമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam