
ആലപ്പുഴ: പെൻഷൻ പറ്റിയാലും ഉന്നത സ്വാധീനമുണ്ടെങ്കിൽ കയർ ഫെഡിൽ (coir fed) വലിയ ശമ്പളത്തിൽ ജോലിയിൽ തുടരാം. സിപിഎം ആലപ്പുഴ (alappuzha) ജില്ലാ സെക്രട്ടറിയുടെ ഭാര്യ ഉൾപ്പെടെ ഇതുവരെ 13 ഓളം പേർക്കാണ് ഹെഡ്ഡ് ഓഫീസിലടക്കം അനധികൃത നിയമനം നൽകിയത്. കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജരാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെ ഭാര്യ ഷീല നാസർ. വയസ്സ് 58 തികഞ്ഞതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുത്തു. ഏറ്റവുമൊടുവിൽ ഷീല കൈപ്പറ്റിയ ശമ്പളം 42581 രൂപ.
ഇനി മറ്റൊരു പുനർനിയമനം സിഐടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം പി നാരായണന്‍റേതാണ്. പെൻഷൻ പറ്റിയ നാരായണൻ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വാങ്ങിയ ശമ്പളം, 25161 രൂപ. കയർ ഫെഡ്ഡിലെ പുനർനിയമനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഷീല നാസറും എം പി നാരായണനും. പെൻഷൻ പറ്റിയവരെ ഒരു കാരണവശാലും പുനിർനിയമിക്കരുതെന്നാണ് കേരള സഹകരണ ചട്ടത്തിലുള്ളത്. വലിയ സാമ്പത്തിക ബാധ്യതയും യുവാക്കൾക്ക് തൊഴിലവസരവും നഷ്ടപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് അനധികൃത നിയമനങ്ങൾ നടത്തിയത്. പിഎസ്‍സി വഴി ഒഴിവുകൾ ഉടൻ നികത്തും. അതുവരെ പരിചയ സമ്പന്നരെ തുടരാൻ അനുവദിച്ചു. പുനർനിയമനം നടത്താൻ ബോർഡിന് അധികാരമുണ്ടെന്നുമാണ് കയർ ഫെഡ് ചെയർമാൻ എൻ സായികുമാറിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam