
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. മതിയായ ചികിത്സ ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യം. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്നലെയാണ് ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. എന്നാൽ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചാണ്ടി ഉമ്മൻ ഫെയ്സ്ബുകിൽ കുറിപ്പിട്ടിരുന്നു. എന്നാൽ അതിന് ശേഷവും പരാതിയിൽ ഉറച്ച് നിൽക്കുകയാണ് അലക്സ് വി ചാണ്ടി. ഇപ്പോഴും ചികിത്സ നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഹോദരന്റെ പരാതിയെ കുറിച്ച് ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പ്
എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.
അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്.
ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam