പരിസരത്തെ വീടിന് വിള്ളല്‍ വീണു; മരടിലെ ആല്‍ഫ സെറീന്‍ ഫ്ലാറ്റ് പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തും

By Web TeamFirst Published Nov 22, 2019, 6:53 PM IST
Highlights

ആൽഫ സെറിൻ ഫ്ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടർന്ന് പരിസരത്തെ വീടിന് വിള്ളൽ വീണിരുന്നു. 

കൊച്ചി: മരടിലെ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കാൻ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. ഫ്ലാറ്റിലെ  സ്വിമ്മിംഗ് പൂളിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചത് അശാസ്ത്രീയമായെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് തല്‍ക്കാലത്തേക്ക് ഫ്ലാറ്റ് പൊളിക്കല്‍ നിര്‍ത്തിവച്ചത്. ആൽഫ സെറിൻ ഫ്ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടർന്ന് പരിസരത്തെ വീടിന് വിള്ളൽ വീണിരുന്നു. ആൽഫ സെറിൻ ഇരട്ട കെട്ടിടത്തിന് സമീപത്തെ താമസക്കാരിയായ ഹർഷമ്മയുടെ വീട്ടിന് സമീപത്തേക്കാണ് ഫ്ളാറ്റുകളിൽ നിന്നും ചുവരുകളുടെ അവശിഷ്ടം തെറിച്ചുവീണത്.

കഴിഞ്ഞ ദിവസം ഇവരുടെ പേരക്കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫ്ളാറ്റുകളിൽ നിന്നും ചുവരുകളുടെ അവശിഷ്ടം മുറ്റത്തേക്ക് തെറിച്ചുവീണത്. ഇന്ന് രാവിലെ ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേർന്ന ഇരുനില കെട്ടിട്ടം നിലംപതിച്ചപ്പോൾ വീടിനും വിള്ളൽ വീണെന്നാണ് പരാതി. പൊളിക്കലിനിടെ കേടുപാടുണ്ടായ സമീപത്തെ വീടുകൾ സബ് കളക്ടർ സന്ദർശിച്ചു. ഇപ്പോഴത്തെ രീതിയിൽ പൊളിക്കൽ നടത്തരുതെന്നും ശാസ്ത്രീയമായി പൊളിക്കണമെന്നും നിർദ്ദേശം നൽകിയതായി സ്നേഹിൽ കുമാർ സിംഗ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

സുപ്രീം കോടതി പൊളിച്ച് നീക്കാൻ നിർദ്ദേശിച്ച നാല് പാർപ്പിട സമുച്ഛയത്തിൽ ഏറ്റവും അധികം ആൾപ്പാർപ്പുള്ളത് ആൽഫ സെറിൻ ഇരട്ടകെട്ടിടത്തിന് സമീപമാണ്. 47 വീടുകളാണ് ആകെയുള്ളത്. ഇതിൽ 13 വീടുകൾ 15 മീറ്റർ ചുറ്റളവിലാണ്. ഈ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുൻപ് ഇൻഷുറൻസ് സുരക്ഷയടക്കം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പക്ഷെ ഈ നടപടികളൊന്നും ഇതുവരെയായിട്ടില്ല. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലം സന്ദർശിക്കാൻ നഗരസഭ ചെയർപേഴ്‍സന്‍ അടക്കമുള്ളവരെത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കാതെ കെട്ടിടങ്ങള്‍ പൊളിക്കൽ തുടർന്നാൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് പരിസരവാസികളുടെ മുന്നറിയിപ്പ്.

click me!