
കോട്ടയം: രോഗം ഭേദമായതിൽ അതിയായ സന്തോഷമുണ്ടെന്ന് കൊവിഡ് 19 ഭേദമായ നഴ്‌സ് രേഷ്മാ മോഹൻദാസ് പറഞ്ഞു. നിശ്ചയദാർഢ്യത്തോടെ നേരിട്ടാൽ കൊവിഡിനെ അതിജീവിക്കാമെന്നും രേഷ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രേഷ്മയ്ക്കും രോഗം ഭേദമായതോടെ കോട്ടയം മെഡിക്കൽ കേളേജിൽ ഇനിയാരും കൊവിഡ് ബാധിതരില്ല.
റാന്നിയിലെ വൃദ്ധ ദമ്പതികൾ, ചെങ്ങളത്തെ ദമ്പതികൾ, രേഷ്മ എന്നിവരാണ് കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ ചെങ്ങളത്തെ ദമ്പതികളെ കഴിഞ്ഞ ദിവസം രോഗം ഭേദമായതിനെത്തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകളും മരുമകനുമാണിവർ.
Read Also: 'ജീവിതത്തിലേക്ക് തിരികെ വരാമെന്ന് കരുതിയതല്ല,': കൊവിഡ് രോഗം ഭേദമായ ചെങ്ങളം സ്വദേശികൾ
അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് എത്തിയതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ മാതാപിതാക്കളാണ് കോട്ടയത്ത് ചികിത്സയിലുണ്ടായിരുന്ന വൃദ്ധദമ്പതികൾ. ഇന്ത്യയിൽ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളും ഇവരാണെന്നാണ് വിവരം.
കോട്ടയത്തെ വൃദ്ധദമ്പതിമാരെ പരിചരിച്ച നഴ്‌സാണ് രേഷ്മ. രോഗികളെ താൻ മികച്ച രീതിയിൽ പരിചരിച്ചെന്ന് രേഷ്മ പറഞ്ഞു. രോഗം വന്നത് അവരിൽ നിന്നാകാം. അതിൽ പേടിക്കാനില്ല. കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണ്. രോഗലക്ഷണം കണ്ടപ്പോഴേ ഐസൊലേഷനിൽ പോയിരുന്നതായും രേഷ്മ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam