
മലപ്പുറം: ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പിവി അൻവർ. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരായ നടപടിയെന്ന് അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് വർഷത്തേക്ക് സുധീറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി അൻവർ വ്യക്തമാക്കി.
എൽഡിഎഫിനോട് ഉടക്കി എംഎൽഎ സ്ഥാനം രാജിവെച്ച അൻവർ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് പ്രചാരണ രംഗത്തുണ്ടായിരുന്നു. അന്ന് എ.ഐ.സി.സി. അംഗവും ദളിത് കോൺഗ്രസ് മുൻ നേതാവുമായിരുന്ന എൻ.കെ.സുധീർ കോൺഗ്രസ് വിട്ട് അൻവറിന്‍റെ വലം കൈയായി. പി.വി. അൻവർ നയിച്ച ഡി.എം.കെ.യുടെ പിന്തുണയോടെ സുധീർ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
3,920 വോട്ടുകളാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സുധീർ നേടിയത്. മുമ്പ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായും എൻ.കെ. സുധീർ മത്സരിച്ചിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറിപദം ഉൾപ്പെടെ വഹിച്ചിട്ടുള്ളയാളാണ് എൻകെ സുധീർ.