
കൊച്ചി: പരിശോധന പരമാവധി വേഗത്തിലാക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സകല നിയമവശങ്ങളും പരിശോധിച്ച് വിശദമായ ശുപാർശകൾ സർക്കാരിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നുമാസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് നൽകുന്നത് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ സർക്കാരിനോട് സമയം നീട്ടി ചോദിക്കും. നിയമവശങ്ങൾ പഠിച്ച് മുനമ്പത്തുകാരുടെ ആശങ്കകൾ കൂടി പരിഹരിക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമം. ഇക്കാര്യത്തിൽ വിദഗ്ധമായ നിയമപദേശം ആവും സർക്കാരിന് കമ്മീഷൻ നൽകുക. മുനമ്പം നിവാസികളുടെ ആശങ്കകൾക്ക് കൂടി കൃത്യമായ പരിഗണന നൽകുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കത്തിപ്പടരുന്ന മുനമ്പം പ്രശ്നത്തിന് പരിഹാരമായി നാലു സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളിൽ പരിശോധന തീർക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോർഡ് ഒഴിയാൻ ആർക്കും ഇനി നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാറും ഹൈക്കോടതിയെ സമീപിക്കും.
വഖഫ് ട്രൈബ്യൂണലിൽ ഫറൂഖ് കോളേജ് കൊടുത്ത കേസിൽ കക്ഷി ചേരുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും തൽക്കാലം ഇല്ല. ജൂഡീഷ്യൽ കമ്മീഷൻ പരിശോധനക്ക് ഭൂമി വഖഫ് ആണോ അല്ലയോ എൻ്നതിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ. സമരക്കാരുമായി മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും. ആരെയും കുടിയിറക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി വീണ്ടും നേരിട്ട് ഭൂ ഉടമകൾക്ക് നൽകും..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam