മരടിലെ എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം അടിയന്തര സഹായമില്ല, 14 ഉടമകൾക്ക് ഇടക്കാലാശ്വാസം

By Web TeamFirst Published Oct 14, 2019, 5:42 PM IST
Highlights

ഭൂമിയുടെയും ഫ്ലാറ്റിന്‍റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി വ്യക്തമാക്കി. സമിതിയുടെ ആദ്യ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

കൊച്ചി: മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകൾക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകില്ല. അർഹത നോക്കിയാകും ഓരോ ഉടമകൾക്കും നഷ്ടപരിഹാരം നൽകുക. ഭൂമിയുടെയും ഫ്ലാറ്റിന്‍റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി വ്യക്തമാക്കി. സമിതിയുടെ ആദ്യ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

14 ഫ്ലാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നൽകാനാണ് ശുപാർശയിലുള്ളത്. 

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നൽകാനും ശുപാർശയുണ്ട്. ആദ്യഘട്ട റിപ്പോർട്ടിലുള്ളത് 14 പേർക്ക് നഷ്ടപരിഹാരം നൽകാനുള്ള ശുപാർശയാണ്. ആദ്യഘട്ടത്തിൽ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നൽകണം. ജെയ്ൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുക. ഗോൾഡൻ കായലോരത്തിലെ നാല് പേർക്കും, ആൽഫാ സെറീനിലെ നാല് പേർക്കും, ജെയ്ൻ കോറൽ കോവിലെ ആറ് പേർക്കുമാണ് നഷ്ടപരിഹാരം നൽകുക. 

നടപടിക്രമങ്ങൾ ലളിതമാകും

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കുന്നതോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന നഷ്ടപരിഹാര സമിതി തല്‍ക്കാലം ഒഴിവാക്കിയതായി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി തീരുമാനിച്ചു.

യഥാർത്ഥ വില വ്യക്തമാക്കി ഫ്ലാറ്റുടമകൾ സമർപ്പിച്ച 19 പ്രമാണങ്ങൾ അടങ്ങുന്ന റിപ്പോർട്ട്  നഗരസഭാ സെക്രട്ടറി സമിതിയ്ക്ക് മുൻപാകെ ഹാജരാക്കി. നാല് ഫ്ലാറ്റ് നിർമ്മാതാക്കൾക്കും സമിതി ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 17 -നകം ഫ്ലാറ്റുകൾ എത്ര രൂപയ്ക്കാണ് വിൽപ്പന നടത്തിയതെന്നതിന്‍റെ രേഖകൾ നഗരസഭ സെക്രട്ടറിയ്ക്ക് മുൻപിൽ ഹാജരാക്കണം. ആധാരവും പണം കൊടുത്തതിന്‍റെ രേഖകളും ഫ്ലാറ്റുടമകൾ മരട് നഗരസഭയിൽ സമർപ്പിക്കണം.

ഫ്ലാറ്റ് നിർമാതാക്കൾക്ക് കുരുക്ക്

അതേസമയം, ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കള്‍ക്ക് ക്രൈംബ്രാ‌ഞ്ച് നോട്ടീസയച്ചു. ആൽഫാ വെഞ്ച്വേഴ്സിന്‍റെ നിർമ്മാതാവ് പോൾ രാജിനോടാണ് നാളെ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്, ജെയിൻ കോറൽ കേവ് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസയച്ചിട്ടുണ്ട്. ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയോട് വ്യാഴാഴ്ചയും ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസിനോട് 21 നും ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതി ഇല്ലാത്തതിനാൽ ഗോൾഡൻ കായലോരം ഉടമയ്ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ല. എന്നാൽ ഇവരും അന്വേഷണ പരിധിയിൽ വരും. വഞ്ചന, നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഫ്ലാറ്റ് നിർമ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

നിയമം ലംഘിച്ചു ഫ്ലാറ്റ് നിർമാണം നടത്താൻ അനുമതി നൽകിയ മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫിനെ നേരെത്തെ ചോദ്യം ചെയ്തിരുന്നു. അഷ്‌റഫ്‌ നൽകിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഫ്ലാറ്റ് നിർമ്മാതാക്കളെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെയാണ് പോൾ രാജ് സമീപിച്ചത്. ഇതിനിടെ, പൊളിക്കാനുള്ള ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. സർക്കാർ നിർദ്ദേശം ലഭിച്ചാൽ ഉടൻ തന്നെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികൾക്ക് കൈമാറുമെന്നും സ്നേഹിൽ കുമാർ അറിയിച്ചു.

click me!