
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പിനുള്ളത്. ഇക്കാര്യത്തിൽ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ഉച്ചക്ക് 3 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം.
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം ആയിരം കടന്നതോടെ രോഗവ്യാപന ഭീഷണി ഉയരുകയാണ്. ഇന്നലെ രോഗബാധിതരായ 1078 പേരിൽ 798 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. തലസ്ഥാനത്തെ ആശങ്കക്ക് കുറവില്ല. രോഗം ബാധിച്ച 222 രോഗികളിൽ 206 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്. നഗരസഭയിലെ 7 ജനപ്രതിനിധികൾ രോഗബാധിതരായി. കൊല്ലത്ത് തുടർച്ചയായി 100ൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്ത 27 പേരിൽ 24 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.
കോഴിക്കോട്ടും മലപ്പുറത്തും പാലക്കാട്ടും ആശങ്ക തുടരുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടറടക്കം 7 പേർ കൊവിഡ് ബാധിതരായത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി. മലപ്പുറത്ത് കൊണ്ടോട്ടി മാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപനം തുടരുന്നു. മധ്യകേരളത്തിൽ കൊവിഡ് രോഗികൾ കൂടുകയാണ്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നൂറിൽ 94 പേർക്കും രോഗം സന്പർക്കത്തിലൂടെയാണ്. തൃക്കാക്കര കരുണാലയം കന്യാസ്ത്രീമഠത്തിലെ 26 പേർക്കും , കീഴ്മാട് കോൺവന്റിലെ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ആലുവയിലും കീഴ്മാടും സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂരിൽ 83 പേർക്കും ആലപ്പുഴ 82 ഉം കോട്ടയത്ത് 80 ഉം ഇടുക്കിയിൽ 63 പേർക്കുമാണ് ഇന്നലെ രോഗബാധയുണ്ടായത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam