വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകൾക്കും സ്റ്റോപ്പ് മെമ്മോ, കടുത്ത നടപടി

By Web TeamFirst Published Jan 25, 2021, 1:07 PM IST
Highlights

ഉത്തരവ് ഹോംസ്റ്റേകൾക്കും ബാധകമായിരിക്കും. പരിശോധിച്ച ശേഷം ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇളവുകൾ നൽകൂ. ഇത് പരിശോധിക്കാനായി മേപ്പാടി പ‌ഞ്ചായത്ത് ഇപ്പോൾ യോഗം ചേരുകയാണ്.

വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്കും സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത് ഉത്തരവായി. ഈ ഉത്തരവ് പഞ്ചായത്തിലെ ഹോം സ്റ്റേകൾക്കും ബാധകമായിരിക്കും. എല്ലാ ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ലൈസൻസുകളും പരിശോധിക്കും. ലൈസൻസുള്ളവയ്ക്ക് മാത്രമേ പിന്നീട് പ്രവർത്തനാനുമതിയുണ്ടാകൂ. അല്ലാത്തവയെല്ലാം പൂട്ടാൻ നിർദേശിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഇത് പരിശോധിക്കാനായി മേപ്പാടി പഞ്ചായത്ത് അധികൃതർ യോഗം ചേരുകയാണ്. 

വയനാട് മേപ്പാടിയിലെ എലിമ്പിലേരിയിൽ റിസോർട്ടിലെ ടെന്‍റിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അധികൃതർ അടിയന്തരമായി യോഗം ചേർന്ന് നടപടികളെടുക്കാൻ തീരുമാനിച്ചത്. യുവതി താമസിച്ചിരുന്ന റിസോർട്ട് പൂട്ടിയിരുന്നു. ഹോംസ്റ്റേയുടെ ലൈസൻസ് മാത്രം വച്ച്, റിസോർട്ട് നടത്തിയതിന് അധികൃതർക്കെതിരെ നടപടിയും സ്വീകരിച്ചു.

വനമേഖലകളിലെ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളില്‍ ഒടുവിലത്തെതാണ് മേപ്പാടി എലിമ്പിലേരിയിലേത്. യാതൊരു അനുമതിയും ഇല്ലാതെയാണ് ടെന്‍റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ  ഇത്തരം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്നത്. ഇത്തരത്തിലുളള കേന്ദ്രങ്ങളെക്കുറിച്ച് ടൂറിസം വകുപ്പിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ പലപ്പോഴും വ്യക്തതയുമില്ല.

സൗത്ത് വയനാട് വനമേഖലയും നിലമ്പൂർ വനമേഖലയും ചേര്‍ന്ന് കിടക്കുന്ന സമൃദ്ധമായ വനപ്രദേശത്തോട് ചേര്‍ന്നാണ് ദുരന്തമുണ്ടായ എലിമ്പിലേരിയിലെ സ്വകാര്യ തോട്ടം. ആനത്താരയായതിനാൽ തന്നെ കാട്ടാനകള്‍ പതിവായി ഇറങ്ങുന്ന പ്രദേശം. ജനവാസ മേഖല അല്ലാത്തതിനാല്‍ വനത്തിനും തോട്ടത്തിനുമിടയില്‍ ട്രഞ്ചുകളോ സംരക്ഷണ വേലികളോ ഇല്ല. ഇത്തരമൊരു പ്രദേശത്താണ് യാതൊരു മുന്‍കരുതലുമില്ലാതെ ടെന്‍റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ ക്ഷണിച്ചത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി വനാതിര്‍ത്തികളിൽ ഇത്തരം ടെന്‍റ് ടൂറിസം തുടങ്ങിയത്.

click me!