കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ വിദേശ കമ്പനിക്ക് നൽകാൻ ശ്രമമെന്ന് ആരോപണം

By Web TeamFirst Published Apr 20, 2019, 7:21 AM IST
Highlights

10 ലക്ഷം പേരുടെ ആരോഗ്യപരമായ വിവരങ്ങളാണ് കേരള ഇൻഫര്‍മേഷൻ ഓണ്‍ റെസിഡന്‍റ്സ് - ആരോഗ്യം നെറ്റ്‍വര്‍ക് അഥവാ കിരണ്‍ സര്‍വേ വഴി ശേഖരിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ കമ്പനിക്ക് കൈമാറാൻ നീക്കമെന്നാരോപണം. അച്യുതമേനോൻ സെന്‍ററാണ് സര്‍വേ നടത്തുന്നതെങ്കിലും വിവരങ്ങളുടെ ക്രോഡീകരണത്തിന് വിദേശ സഹായം തേടിയതോടെയാണ് ആരോപണം ഉയര്‍ന്നത്. അതേസമയം, പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന സര്‍വേയില്‍ വിദേശ കമ്പനിയുടെ സഹായം തേടിയതില്‍ പ്രശ്നമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.

സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ 2018 മേയിലാണ് അച്യുതമേനോന്‍ സെന്‍റർ പഠനം തുടങ്ങിയത്. 10 ലക്ഷം പേരുടെ ആരോഗ്യപരമായ വിവരങ്ങളാണ് കേരള ഇൻഫര്‍മേഷൻ ഓണ്‍ റെസിഡന്‍റ്സ് - ആരോഗ്യം നെറ്റ് വര്‍ക് അഥവാ കിരണ്‍ സര്‍വേ വഴി ശേഖരിക്കുന്നത്.

ശേഖരിക്കുന്ന വിവരങ്ങള്‍ മുഖ്യഗവേഷകനും കോ ഓഡിനേറ്ററും മാത്രമേ അറിയൂ എന്നാണ് സര്‍വേയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ സര്‍വേ നടത്തുന്നത് കാനഡയിലെ മക് മാസ്റ്റർ സര്‍വകലാശാലയുടെ കീഴിലുള്ള പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പി എച്ച് ആര്‍ ഐ വികസിപ്പിച്ചു നല്‍കിയ സോഫ്റ്റ് വെയറാണ് സര്‍വേക്കായി ഉപയോഗിക്കുന്നതും. ഇതോടെ സര്‍വേയുടെ രഹസ്യ സ്വഭാവം നഷ്ടമാകുകയാണെന്നാണ് ആക്ഷേപം.

മാത്രവുമല്ല ഈ വിവരശേഖരണം മരുന്ന് കമ്പനികളെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നു. അതേസമയം ശ്രീചിത്ര സെന്‍റര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ വിശകലനത്തിനായി മാത്രമാണ് പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹായം തേടിയതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഇതിന് കേന്ദ്രാനുമതി ആവശ്യമാണ്.

സര്‍വേയില്‍ പങ്കെടുത്തവരുടെ പേരടക്കം വിശദാംശങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. 2013ല്‍ യുഡിഎഫ് സര്‍ക്കാരിൻറെ കാലത്ത് രാജീവ് സദാനന്ദൻ ആരോഗ്യ സെക്രട്ടറി ആയിരിക്കെ സര്‍വേക്ക് പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടെങ്കിലും വിവാദമായതിനെത്തുടര്‍ന്ന് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു

click me!