കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

By Web TeamFirst Published Sep 24, 2021, 7:31 AM IST
Highlights

പണിക്കായി 82.49 ലക്ഷം രൂപ കെബിപിഎസ് മുൻകൂറായി നൽകി. എന്നാൽ 2017ൽ പണം കൈപ്പറ്റിയ കമ്പനി യന്ത്രം നന്നാക്കാനായി അഴിച്ചെടുത്തത് കഴിഞ്ഞ വർഷം ഏപ്രിലിൽ

കൊച്ചി: കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. 82 ലക്ഷം രൂപ മുൻകൂറായി നൽകി മൂന്ന് വർഷത്തിന് ശേഷമാണ് കരാറെടുത്ത കമ്പനി നന്നാക്കാനായി യന്ത്രം അഴിച്ചെടുത്തത്. ആരോപണം ഉന്നയിക്കുന്നവർ രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റി അറിയിച്ചു. 

ലോട്ടറിയും പാഠപുസ്തകങ്ങളും നാല് പതിറ്റാണ്ടായി അച്ചടിച്ചിരുന്ന ഹാരിസ് ഹൈസ്പീഡ് ഓഫ്സെറ്റ് പ്രിന്‍റിംഗ് മെഷീൻ കേടുപാടുകൾ തീർത്ത് നവീകരിക്കാൻ കെബിപിഎസ് തീരുമാനിച്ചത് 2017ൽ. ടെണ്ടർ സ്വീകരിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയ്ക്ക് കരാർ നൽകി. നന്നാക്കാനുള്ള മൊത്തം ചെലവ് 1.42 കോടി രൂപ. നാലര മാസത്തിനുള്ളിൽ യന്ത്രം കേടുപാടുകൾ തീർത്ത് തിരിച്ച് നൽകണമെന്നതായിരുന്നു ടോമിൻ ജെ തച്ചങ്കരി സിഎംഡിയായിരുന്ന കാലത്ത് കമ്പനിയുമായി ഉണ്ടാക്കിയ കരാർ. പണിക്കായി 82.49 ലക്ഷം രൂപ കെബിപിഎസ് മുൻകൂറായി നൽകി. എന്നാൽ 2017ൽ പണം കൈപ്പറ്റിയ കമ്പനി യന്ത്രം നന്നാക്കാനായി അഴിച്ചെടുത്തത് കഴിഞ്ഞ വർഷം ഏപ്രിലിൽ.

കൊവിഡ് നിമിത്തമാണ് പണി നീണ്ടുപോയതെന്നും കേടുപാടുകൾ തീർത്ത യന്ത്രം അടുത്തയാഴ്ച തിരിച്ചെത്തുമെന്നും കെബിപിഎസ് അറിയിച്ചു. അപ്പോഴും നാല് വർഷം മുമ്പ് ചെയ്യാത്ത പണിയ്ക്ക് എന്തിന് കമ്പനിയ്ക്ക് മുൻകൂറായി പണം നൽകിയെന്ന ചോദ്യം ബാക്കി. രണ്ട് വർഷം മുമ്പാണ് താൻ ചാർജ് എടുത്തതെന്നും അതിനുള്ള മുൻപുള്ള കാര്യങ്ങൾ അറിയില്ലെന്നും പരാതി ലഭിച്ചാൽ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കെബിപിഎസ് സിഎംഡി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!