
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകൾ കൈമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തപ്പോൾ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും അവര്‍ പറഞ്ഞു. എങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലീസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല. അതേ സമയം രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തി.