
കോഴിക്കോട്: കോടഞ്ചേരി വില്ലേജില്‍ (kodenchery village)തോട്ടഭൂമിതരം മാറ്റി(alteration of plantation land) നടത്തുന്ന നിര്‍മാണങ്ങളില്‍ നടപടിയാവശ്യപ്പെട്ട് സിപിഐ(cpi) രംഗത്ത്. പാര്‍ട്ടിയുടെ പോഷക സംഘടനയായ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഭൂമി തരംമാറ്റത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ലാന്‍ഡ് ബോര്‍ഡിന് പരാതി നല്‍കി. തരം മാറ്റിയ തോട്ടഭൂമിയിലെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് കോടഞ്ചേരി വില്ലേജില്‍ തോട്ടഭൂമി തരം മാറ്റി നടത്തുന്ന നിര്‍മാണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും തെളിവുകളും പുറത്ത് വന്നതിനു പിന്നാലെയാണ് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയുടെ പ്രാദേശിക ഘടകം വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് രംഗത്തിറങ്ങുന്നത്. സിപിഐയുടെ പുതുപ്പാടി ലോക്കല്‍ കമ്മിറ്റി വിഷയത്തില്‍ നിയമ നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം പോഷക സംഘടനയായ കര്‍ഷകതൊഴിലാളി ഫെഡറേഷന്‍ താമരശേരി ലാന്‍ഡ് ബോര്‍ഡിന് ഇന്നലെ പരാതി നല്‍കി. പരാതിയില്‍ ഇങ്ങനെ പറയുന്നു. കോടഞ്ചേരി വില്ലേജിലെ 15/1 സര്‍വേ നന്പറില്‍ ഉള്‍പ്പെട്ടതും ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഇളവ് നല്‍കിയതുമായ കൊയപ്പത്തൊടി എസ്റ്റേറ്റില്‍ നിയമം ലംഘിച്ച് പലവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂമിയുടെ മുറിച്ചു വില്‍പനയും നടക്കുന്നു. ഭൂപരിധിയില്‍ ഇളവ് നല്‍കി നിലനിര്‍ത്തിയ തോട്ടങ്ങളിലെ അനധികൃത ഇടപാടുകള്‍ക്കെതിരെ നടപടിയെടുക്കണം.
ഉന്നത സ്വാധീനത്തില്‍ വന്‍കിടക്കാര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ട് ചെറുകടക്കാരും നിയമക്കുരുക്കുളള ഭൂമി വാങ്ങാന്‍ ഇടയുണ്ടന്നും അത് തടയാനായി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും സംഘടന വ്യക്തമാക്കി.
നേരത്തെ, തോട്ടഭൂമി തരംമാറ്റി നിര്‍മിച്ച നോളജ് സിറ്റിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശനം നടത്തിയതില്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. നിയമലംഘനത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെയാണ് ഈ വിഷയത്തില്‍ ഇവര്‍ നിലപാട് കടുപ്പിക്കുന്നത്.
കോടഞ്ചേരിയിലെ ഭൂമിതരംമാറ്റത്തിന്റെ വൻ ഇടപാടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അതിങ്ങനെ
കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റിക്കെതിരെ നോളജ് സിറ്റി നിലനില്‍ക്കുന്ന ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം നേരത്തെ രംഗത്ത് വന്നു. നോളജ് സിറ്റി നിൽക്കുന്നത് തോട്ടഭൂമിയിൽ തന്നെയെന്നും ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെ കൊളായി കുടുംബം ആരോപിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും കുടുംബാംഗങ്ങള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മാണം ഭൂപരിഷ്കരണ നിയമങ്ങള്‍ ലംഘിച്ചാണെന്നതിന്‍റെ തെളിവുകള്‍ പുറത്ത് വരികയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങുകയും ചെയ്തതിന് പിന്നാലെ ഈ നീക്കത്തിന് പിന്നില്‍ മാഫിയാ സംഘമാണെന്ന ആരോപണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ മകനും നോളജ് സിറ്റിയുടെ പ്രധാന ചുമതലക്കാരനുമായ അബ്ദുള്‍ ഹക്കീം അസ്ഹരി രംഗത്തെത്തിയിരുന്നു.
ഈ ആരോപണത്തിനുളള മറുപടിയായാണ് നോളജ് സിറ്റി നിലനില്‍ക്കുന്ന ഭൂമി പാട്ടത്തിന് നല്‍കിയ കൊളായി കുടുംബം കോഴിക്കോട്ട് മാധ്യമങ്ങളെ കണ്ടത്. നിയമലംഘനത്തിന്‍റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് ഇത്തരം ദുരാരോപണങ്ങള്‍. നോളജ് സിറ്റി നിൽക്കുന്നത് തോട്ട ഭൂമിയിൽ തന്നെയും ഈ ഭൂമി കാർഷിക ആവശ്യത്തിന് മാത്രമെ ഉപയോഗിക്കു എന്നുമാണ് നോളജ് സിറ്റി അധികൃതർ ലാൻഡ് ട്രിബ്യൂണലിനെ അറിയിച്ചതും ഇവര്‍ വിശദീകരിച്ചു. നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലാത്ത ഭൂമിയിലാണ് വലിയ തോതില്‍ നിക്ഷേപം സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1040 ഏക്കര്‍ ഭൂമിയാണ് കോഴിക്കോട്ടെ കൊയപ്പത്തൊടി കുടുംബത്തിന് റബ്ബര്‍ കൃഷിക്കായി പാട്ടത്തിന് നല്‍കിയത്. ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നപ്പോള്‍ ഈ ഭൂമിക്ക് ഭൂപരിധിയില്‍ സര്‍ക്കാര്‍ ഇളവ് നല്കകുയും ചെയ്തു. എന്നാല്‍ ഈ ഭൂമി കൊയപ്പത്തൊടി കുടുംബംമുറിച്ചു വില്‍ക്കുകയും ഗണ്യമായൊരു ഭാഗം നോളജ് സിറ്റി അധികൃതര്‍ വാങ്ങുകയുമായിരുന്നു. നിര്‍മാണ നിയന്ത്രണമുളള ഭൂമിയാണന്ന കാര്യവും ഭൂമി സംബന്ധിച്ച നിയമപ്രശ്നങ്ങളും നോളജ് സിറ്റി അധികൃതരെ അറിയിച്ചെങ്കിലും ഉന്നത സ്വീധനത്തിന്‍റെ തണലില്‍ നിര്‍മാണം തുടരുകയായിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട്ടെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇക്കാര്യങ്ങള്‍ നേരില്‍ കണ്ട് അറിയിച്ചു. എന്നാല്‍ അന്നേ ദിവസം തന്നെ നോളജ് സിറ്റി സന്ദര്‍ശിച്ച കാനം നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്തതെന്നും കൊളായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയും നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് നോളജ് സിറ്റിയിലെ നിര്‍മാണങ്ങള്‍ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രാഥമിക പരിശോധന നടത്തിയത്. പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുവെന്നോ ഏതിനെല്ലാം പെര്‍മിറ്റും നമ്പറും നല്‍കിയെന്നോ പഞ്ചായത്തില്‍ വ്യക്തമായ കണക്കുണ്ടായിരുന്നില്ല.
ഇതിനിടെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്‍റെ രേഖകള്‍ പുറത്ത് വന്നു. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. കമ്പനി കെട്ടിടം നിര്‍മിക്കാനായി നല്‍കിയ അപേക്ഷയില്‍ കോടഞ്ചേരി വില്ലേജില്‍ നിന്ന് നല്‍കിയ കൈവശാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്.