
ദില്ലി:അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12. 66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിന്‍റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കുമെന്നും എംപി അറിയിച്ചു.
കെസി വേണുഗോപാൽ എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:
10 വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ – ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയെന്ന സന്തോഷകരമായ വാർത്തയാണ് പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാനുള്ളത്. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരമാണ് ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിന്‍റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കും. രണ്ടാം റീച്ചായി മാരാരിക്കുളം – തുറവൂർ പാത ഇരട്ടിപ്പിക്കലിന്‍റെ പുതുക്കിയ എസ്റ്റിമേറ്റ് ബോർഡിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കും.
മൂന്നാം റീച്ചായ മാരാരിക്കുളം – ആലപ്പുഴ അതിനുശേഷം പരിഗണിക്കും. കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ- എറണാകുളം തീരദേശ പാത. ഇതിൽ തുറവൂർ മുതൽ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു. ഇതിന്‍റെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. ബാക്കിയുള്ള അമ്പലപ്പുഴ – തുറവൂർ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാൻ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിർദേശം ഞാൻ നേരത്തെ റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിരുന്നു.
ജനുവരിയോടെ ഡിപിആർ പൂർത്തിയാക്കുമെന്നാണ് ഒക്ടോബർ 10 ന് ആലപ്പുഴയിൽ നടന്ന അവലോകന യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എന്നെ അറിയിച്ചിരുന്നത്. തുടർന്ന് ഡിസംബറിൽ ചെന്നൈയിൽ നടന്ന റെയിൽവേ കാര്യങ്ങൾ ചർച്ച ചെയ്ത പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗത്തിലും അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ സംബന്ധിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ആദ്യ ഘട്ടമായ അമ്പലപ്പുഴ – ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam