'ജീവൻ രക്ഷിക്കാൻ യാചിച്ചിട്ടും കർണാടക പൊലീസ് കേട്ടില്ല': ആംബുലൻസ് ഡ്രൈവർ

By Web TeamFirst Published Mar 29, 2020, 11:37 AM IST
Highlights

കർണാടകത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കർണാടക പൊലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ നടപടി

കാസർകോട്: കർണാടകത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കർണാടക പൊലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ നടപടിയുണ്ടായെന്ന് വിമർശനം. അതിർത്തിയിൽ അത്യാസന്ന നിലയിലുള്ളവരെ പോലും കർണാടകത്തിലേക്ക് കടത്തിവിടാത്ത സ്ഥിതിയാണെന്നും രോഗിയുമായി പോയ ആംബുലൻസിന്റെ ഡ്രൈവർ അസ്ലം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"അത്യാസന്ന നിലയിൽ ഉള്ളവരെപ്പോലും അതിർത്തി കടത്തി വിടുന്നില്ല . കെഞ്ചിപ്പറഞ്ഞിട്ടും കടത്തി വിട്ടില്ല. കേരളത്തിൽ നിന്നുള്ള രോഗി കർണാടകത്തിൽ വേണ്ടെന്ന് കർണാടക പൊലീസ് പറഞ്ഞു. ജീവൻ രക്ഷിക്കാൻ യാചിച്ചിട്ടും ഫലമുണ്ടായില്ല. ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിട്ടും ക‍ർണാടക പൊലീസ് കേട്ടില്ല. രോഗിയുടെ സ്ഥിതി കണ്ടിട്ടും പൊലീസ് പ്രവേശനം നിഷേധിച്ചു. അതിർത്തിയിൽ ഉള്ളവർക്ക് ചികിത്സ മുടങ്ങുന്ന ഗുരുതര സ്ഥിതിയാണ്," എന്നും അദ്ദേഹം പറഞ്ഞു.

കർണ്ണാടക പൊലീസ് തലപ്പാടി അതിർത്തി തുറന്നുകൊടുക്കാത്തത് കൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം അംഗീകരിക്കാനാവാത്തതെന്ന് ഇന്ന് രാവിലെ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചിരുന്നു. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ട്. ഇന്നലെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ കരുതിയത് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ്. എന്നാൽ അതുണ്ടായില്ലെന്നും മന്ത്രി വിമർശിച്ചു. അതിർത്തികൾ അടച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം. രോഗി മരിച്ച ഈ ഘട്ടത്തിലെങ്കിലും കർണാടക സർക്കാർ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്യാസന്ന നിലയിൽ മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ 75 കാരിയായ പാത്തുഞ്ഞിയാണ് മരിച്ചത്. ഇവർ കർണാടക സ്വദേശിയായിരുന്നു. അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ യെനപോയ ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. ഇവിടെയാണ് ഇവരെ ചികിത്സിച്ചിരുന്നത്. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയായ ഇവർ മകൾക്കൊപ്പം കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇവർ. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

click me!