കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് അമിത് ഷാ; ഗവർണറോട് സംസാരിച്ചു

By Web TeamFirst Published Aug 10, 2019, 8:35 PM IST
Highlights

മഴക്കെടുതി ബാധിച്ച ജില്ലകളിലെ സ്ഥിതിഗതികളെ കുറിച്ച് ഗവർണർ ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്.

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ സ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്.

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന മരണസംഖ്യ, വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ, രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിന് നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ അമിത് ഷായെ ധരിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിൽ ചർച്ച നടത്തിയതായും ഗവർണർ അമിത് ഷായെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവർണർ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞു.

click me!