സർക്കാർ വാടകക്കെടുക്കുന്ന ഹെലികോപ്ടർ വീണ്ടും പറക്കും; ടെണ്ടർ വിളിക്കാൻ സർക്കാർ ഉത്തരവിറങ്ങി

By Web TeamFirst Published Sep 16, 2021, 8:39 AM IST
Highlights

വാടകയിൽ 22 കോടി രൂപ പാഴ്ച്ചെലവായെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഹെലികോപ്റ്ററുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങള്‍ക്കുമെന്ന പേരിലാണ് ഒരു വർ‍ഷം മുമ്പ് ഹെലികോപ്റ്റർ വാടക്കെടുത്തത്. പൊലീസിന്റെ ഫണ്ടിൽ നിന്നാണ് പണം നൽകിയിരുന്നത്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വീണ്ടും വാടകക്കെടുക്കാൻ സർക്കാർ തീരുമാനം. ഹെലികോപ്റ്ററിനായി ടെണ്ടർ വിളിക്കാൻ സർക്കാർ ഉത്തരവിറക്കി. നിലവിൽ ഹെലികോപ്റ്റർ വാടകക്ക് നൽകിയ കമ്പനിയുമായുള്ള
കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു.

വാടകയിൽ 22 കോടി രൂപ പാഴ്ച്ചെലവായെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഹെലികോപ്റ്ററുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങള്‍ക്കുമെന്ന പേരിലാണ് ഒരു വർ‍ഷം മുമ്പ് ഹെലികോപ്റ്റർ വാടക്കെടുത്തത്. പൊലീസിന്റെ ഫണ്ടിൽ നിന്നാണ് പണം നൽകിയിരുന്നത്. ടെണ്ടറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തി പവൻ ഹൻസ് എന്ന കമ്പനിക്ക് ഹെലികോപ്റ്റർ പറത്താൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. 20 മണിക്കൂ‍ർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപയും അതിൽ കൂടുതൽ പറത്താൻ മണിക്കൂറിന് 67,000യുമായിരുന്നു കരാർ. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെണ്ടർ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നൽകിയതെന്നായിരുന്നു സർക്കാർ വാദം. ഇതിന്റെ പകുതി വാടക്ക് ഹെലികോപ്പ്റ്റർ പറത്താമെന്ന വാഗദ്നവുമായി നിരവധി കമ്പനികള്‍ സർക്കാരിനെ സമീപിച്ചുവെങ്കിലും തള്ളിയിരുന്നു.2020 ഏപ്രിൽ മുതൽ ഈ ഈ വർഷം ഏപ്രിൽവരെയായിരുന്നു പവൻ ഹൻസിനുള്ള കരാ‍ർ. മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ പറന്നുവെങ്കിലും പരാജയപ്പെട്ടു. പെട്ടിമുടിയിൽ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ഹെലികോപ്പ്റ്റർ ഉപയോഗിക്കാനായില്ല. 

അവയവങ്ങൾ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. 22 കോടി രൂപ പൊലീസ് ഫണ്ടിൽ നിന്ന് പോയതിൽ ആക്ഷേപം ഉയർന്നപ്പോൾ ഡിജിപി നിലപാട് മാറ്റി. ഇനി ഹെലികോപ്റ്റർ വാടകക്കെടുക്കണമെങ്കിൽ ടെണ്ടർ വഴിവേണമെന്നും അതാണ് സർക്കാറിന് ലാഭമെന്നും കാണിച്ച് ഡിജിപി ജനുവരി മാസത്തിൽ സർക്കാരിന് കത്തു നൽകുകയായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ ടെണ്ടറിലേക്ക് പോകുന്നത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!