തിരിച്ചടിയല്ല; ജലീൽ രാജി വച്ചതുകൊണ്ട് ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് എ എൻ ഷംസീർ

By Web TeamFirst Published Apr 20, 2021, 2:40 PM IST
Highlights

ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്ഥ അം​ഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം. ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീർ പറഞ്ഞു. 

തിരുവനന്തപുരം: കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് അദ്ദേഹത്തിനെതിരായ ലോകായുക്തവിധിക്ക് ഇനി പ്രസക്തിയില്ലെന്ന് സിപിഎം നേതാവ് എ എൻ ഷംസീർ. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കുന്ന വ്യക്തിയല്ല.  ന്യൂനപക്ഷ കമ്മീഷൻ സ്ഥാനത്തിരുന്ന് മുസ്ലീം ലീ​ഗ് നടത്തിയ കൊള്ള തുറന്നുകാട്ടാനാണ് അതിന് പ്രാപ്തനായ ഒരു ഉദ്യോ​ഗസ്ഥനെ അദ്ദേഹം നിയമിച്ചതെന്നും ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള തെറ്റായ ഉദ്ദേശ്യം ജലീലിനുണ്ടായിരുന്നില്ല. അത് സിപിഎമ്മിന് ബോധ്യമുള്ള കാര്യമാണ്. മുസ്ലീംലീ​ഗ് ഭരിക്കുന്ന കാലത്ത് ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് കടമെടുത്തവരാര്, അതൊക്ക അവർ തിരിച്ചടച്ചോ എന്നതൊന്നും ഹൈക്കോടതി പറയാതെപോകുന്നു. ഇതിനെക്കുറിച്ച് കൂടി ഹൈക്കോടതി പറയേണ്ടതായിരുന്നു. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്ഥ അം​ഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം. ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീർ പറഞ്ഞു. 

ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും അതിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണം. ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസർക്കാർ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്‍റെ ഹർജി തള്ളുകയായിരുന്നു. 
 

Read Also: ജലീലിന് കനത്ത തിരിച്ചടി, രാജി വയ്ക്കണമെന്ന ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി ഇടപെടില്ല...

 

click me!