
കുന്നംകുളം: അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തിൽ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ 46 വയസുള്ള വേണുഗോപാൽ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വേണുഗോപാലിന് മുഖത്ത് നാല് തുന്നലുണ്ട്. ആസ്നിയ തിരക്കിൽപ്പെട്ട് തലകറങ്ങി വീഴുകയായിരുന്നു. അഞ്ചരയോടെയായിരുന്നു സംഭവം. പാർക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് തൊഴാൻ വരുന്നതിനിടെ ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പൂരം കാണാനെത്തിയവർ ചിതറിയോടി. നിമിഷങ്ങൾക്കകം ആന ശാന്തനായി. തിരക്കിൽ പെട്ട് പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകൻ വിഷ്ണു, കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാന് പരിക്ക്. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാൻ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. ആറാട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്തു.
കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞിരുന്നു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. വൈകിട്ട് നാലു മണിയോടെ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ മൂന്ന് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം