'വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പൂർത്തീകരിക്കണം', അനിൽ അക്കര ഹൈക്കോടതിയിൽ

By Web TeamFirst Published Nov 6, 2020, 6:28 PM IST
Highlights

ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ സാഹചര്യത്തിൽ നിർമാണം തടസപ്പെട്ടിരിക്കുകയാണ്.

കൊച്ചി: കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ സാഹചര്യത്തിൽ ഫ്ലാറ്റ് നിർമാണം തടസപ്പെട്ടിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചതായി കരാറുകാരായ യൂണിടാക് അടുത്തയിടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ കോടതിയെ സമീപിച്ചത്.

വടക്കാഞ്ചേരി നഗരസഭയിലെ ചരൽപ്പറമ്പിലാണ് വിവാദ ഫ്ലാറ്റ് സമുച്ചയം. രണ്ട് ഏക്കർ സ്ഥലത്ത് 140 ഫ്ളാറ്റുകളാണ് നാലു ബ്ലോക്കുകളിലായുളളത്. സ്ഥലം എംഎൽഎ കൂടിയായ അനിൽ അക്കരയുടെ പരാതിയിലായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത്. കരാറുകാരായ യുണിടാക്കിന്റെ മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതി കരാറുമായി ബന്ധപ്പെട്ട് സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന യുണിടാക്കിന്റെ മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലാണ് വലിയ വിവാദങ്ങളിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ കുടുങ്ങിയതും ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ടാണ്. 

അതേസമയം എംഎൽഎ ഭവനരഹിതർക്ക് വീട് ലഭിക്കുന്ന പദ്ധതി തകർക്കാനാണ് ശ്രമിക്കുകയാണെന്നാണ് സിപിഎം ആരോപണം. ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കുന്നു എന്നാരോപിച്ചു അനിൽ അക്കര എംഎൽഎയുടെ വീടിനു സമീപം ഭവനരഹിതരുടെ കുത്തിയിരിപ്പ് സമരമടക്കം പിന്നീട് നടന്നു.

click me!