
തൃശ്ശൂർ: നീതു ജോണ്‍സണ് വേണ്ടി കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ പൊലീസ് സഹായം തേടി എംഎല്‍എ. ലൈഫ് മിഷനിലൂടെ കിട്ടുന്ന വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് ഒരു പെൺകുട്ടി എഴുതിയത് എന്ന പേരിൽ ഫേസ്ബുക് പോസ്റ്റ് പ്രചരിച്ചതിന് പിന്നാലെയാണ് നീതുവിനായി അനില്‍ അക്കരെ എംഎല്‍എ കാത്തിരുന്നത്. രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ആരും എത്താതായതോടെ കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് എംഎൽഎ പൊലീസിൽ പരാതി നൽകി.
നീതു ജോണ്‍സണ്‍ എന്നൊരു പെൺകുട്ടി ഇല്ലെങ്കിൽ സമൂഹ മാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എയുടെ ആവശ്യം. നീതു ജോൺസൺ എവിടെ ഉണ്ടെങ്കിലും ഉടൻ അനിൽ അക്കര എം എൽ എ യെ കാണണം എന്നാവശ്യപ്പെട്ടായിരുന്നു എംഎല്‍എയുടെ കാത്തിരുപ്പ്. നീതുവിന് വീട് വക്കാൻ നിരവധി ഓഫർ ആണ് എം എൽ എ നൽകുന്നത്.
ലൈഫ് മിഷൻ പദ്ധതിക്കെതിരെ അനിൽ അക്കര ആരോപണങ്ങൾ തുടർന്നതോടെയാണ് ആഗസ്റ്റ് 23 മുതൽ നീതു ജോൺസൺ എന്ന പെൺകുട്ടിയുടെ പേരിൽ ഫേസ്ബുക് പോസ്റ്റ് പ്രചരിച്ച് തുടങ്ങിയത്. സിപിഎം സൈബർ ഇടങ്ങളിൽ ആണ് പോസ്റ്റ് പ്രചരിച്ചത്.ടെകസ്റ്റൈൽ കടയിൽ ജോലി ചെയ്‌യുന്ന അമ്മയുടെ വോട്ട് എംഎൽഎ ക്കായിരുന്നു. ലൈഫ് പദ്ധതിയെ വിമർശിച്ചു ഞങ്ങളുടെ വീട് ഇല്ലാതാക്കരുത്. പുറമ്പോക്കിൽ കഴിയുന്ന ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീട് വേണം. ഇതാണ് വൈറൽ ആയ പോസ്റ്റിന്റെ ചുരുക്കം.
ഇത് പ്രചരിച്ചതോടെ അനിൽ അക്കരയും കൗൺസിലർ സൈറ ബാനുവും മണ്ഡലമാകെ തിരഞ്ഞു. പക്ഷേ നീതുവിനെ കണ്ടെത്താനായില്ല. ഇതോടെയാണ് നീതുവിനായി കാത്തിരിക്കും എന്ന് പ്രഖ്യാപിച്ചു ഏങ്ക്ക്കാട് ജംഗ്ഷനിൽ എംഎൽഎ യും കൂട്ടരും കാത്തിരുന്നത്. കാത്തിരിക്കാന്‍ രമ്യ ഹരിദാസ് എം പിയും കൂടെയെത്തി. കാത്തിരിപ്പു രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ഫേസ് ബുക്കിൽ ലൈവായി പറഞ്ഞു നോക്കി. ആരും വന്നില്ല.
നീതു എന്ന പേരിൽ ഒരു കുട്ടി ഇല്ലെന്നും എംഎൽഎ ക്കെതിരെ സിപിഎം പടച്ചു വിട്ട പോസ്റ്റ് ആണ് ഇതെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ അടക്കം പറയുന്നത്. അതേ സമയം നീതുവിന് സഹായ പ്രഖ്യാപനങ്ങൾ തുടരുകയാണ്.കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് അനിൽ അക്കര വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. ലൈഫ് മിഷന്റെ ഗുണഭോക്താക്കളെ തീരുമാനിച്ചിട്ടില്ലെന്നും. സർക്കാർ പിആർഡിയിലൂടെ വ്യാജ പ്രവാരണങ്ങൾ നടത്തുന്നുവെന്നും അനിൽ അക്കര ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam