
തിരുവനന്തപുരം: എകെ ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് സിപിഎം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്റെ പരിഹാസം. രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു. പകലും രാത്രിയും ബിജെപി ആയി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന് അധമ സംസ്കാരമാണെന്നാണ് അനിൽ ആന്റണി പറഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെയും അനിൽ ആന്റണി വിമർശനം ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല. ആർഎസ്എസിനെതിരെയും ഇവർ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസുകാർ തന്നെ സംശയിക്കുന്നു. വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്റു ആർഎസ്എസുമായി സന്ധി ചെയ്തെന്ന് പറഞ്ഞ ആളാണ് കെ സുധാകരനെന്നും അദ്ദേഹം പറഞ്ഞു
ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനും ഉള്ള കോൺഗ്രസിന്റെ പരിമിതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണത്തെ ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണെന്നും എംവി ഗോവിന്ദൻ പ്രസ്താവിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam