'മകളും അമ്മയും നഷ്ടപ്പെട്ടു, എല്ലാരും പോയി' വിതുമ്പലോടെ അനിൽ; ചേർത്തുപിടിച്ചു,കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി

Published : Aug 10, 2024, 04:17 PM ISTUpdated : Aug 10, 2024, 04:31 PM IST
'മകളും അമ്മയും നഷ്ടപ്പെട്ടു, എല്ലാരും പോയി' വിതുമ്പലോടെ അനിൽ; ചേർത്തുപിടിച്ചു,കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി

Synopsis

പ്രധാനമന്ത്രി തന്നോട് സംസാരിച്ചു. എല്ലാ കാര്യങ്ങളും കൃത്യമായി സംസാരിച്ചു. ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ എവിടെ പോവുമെന്നറിയില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ചെയ്യുമെന്ന് മോദി ഉറപ്പു തന്നെന്നും അനിൽ വ്യക്തമാക്കി. ക്രൊയേഷ്യയിൽ നിന്നു മടങ്ങിവന്നപ്പോഴാണ് അനിൽ ദുരന്തത്തിൽ പെട്ടത്. ദുരന്തത്തിൽ അനിലിൻ്റെ മകളും അമ്മയും നഷ്ടപ്പെട്ടിരുന്നു. 

കൽപ്പറ്റ: മേപ്പാടിയിലെ വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എല്ലാകാര്യങ്ങളും സംസാരിച്ചെന്ന് ചികിത്സയിൽ കഴിയുന്ന അനിൽ. സംഭവിച്ച എല്ലാ കാര്യങ്ങളും മോദിയോട് സംസാരിച്ചെന്ന് അനിൽ പറഞ്ഞു. രണ്ടര വയസ്സുള്ള മകളും അമ്മയും തനിക്ക് നഷ്ടപ്പെട്ടുവെന്നും തൻ്റെ നാടും നാട്ടാരും എല്ലാവരും പോയെന്നും പറഞ്ഞപ്പോൾ എല്ലാറ്റിനും നമ്മളുണ്ടാവുമെന്നും എല്ലാം ചെയ്യാമെന്നുമായിരുന്നു മോദിയുടെ മറുപടിയെന്നും അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ക്രൊയേഷ്യയിൽ നിന്നു മടങ്ങിവന്നപ്പോഴാണ് അനിൽ ദുരന്തത്തിൽ പെട്ടത്. ദുരന്തത്തിൽ അനിലിൻ്റെ മകളും അമ്മയും നഷ്ടപ്പെട്ടിരുന്നു.

'പ്രധാനമന്ത്രി തന്നോട് സംസാരിച്ചു. എല്ലാ കാര്യങ്ങളും കൃത്യമായി താനും വിശദീകരിച്ചു നൽകി'. ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ എവിടെ പോവുമെന്നറിയില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ചെയ്യാമെന്ന് മോദി ഉറപ്പു തന്നെന്നും അനിൽ വ്യക്തമാക്കി. വിംസ് ആശുപത്രിയിലെത്തിയപ്പോൾ മരിച്ചവരുടെ ചിത്രങ്ങൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് മോദി ചികിത്സയിലുള്ളവരെ കണ്ടത്. ആരോഗ്യപ്രവര്‍ത്തകരുമായും കൂടിക്കാഴ്ച്ച നടത്തിയ മോദി വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനായി തിരിച്ചു പോയി. 

ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായി മോദി കൂടിക്കാഴ്ച നടത്തി. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചത്. ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. 

കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗമാണ് മോദി ചൂരൽമലയിലെത്തിയത്. ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയത്. വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

വെള്ളാര്‍മല സ്കൂളിലെ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ വി വേണുവിൽ നിന്ന് വിവരം തേടിയിട്ടുണ്ട്. ഉരുള്‍പൊട്ടലിൽ തകര്‍ന്ന ചൂരൽമല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. അരമണിക്കൂറോളം ചൂരൽമലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്‍ലി പാലത്തിലേക്ക് കയറി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തിയും നാടിന്‍റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരൽമലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എംആര്‍ അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്.

മഴയിൽ ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യം, അഴക് നഷ്ടമായി അഞ്ചുരുളി; ഡാമിന്‍റെ സംഭരണശേഷിയേയും ബാധിക്കുന്നു

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ