
കൊച്ചി: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം പ്രസംഗത്തില്‍ വന്ന പിശകാണെന്നും അത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും സിപിഎം നേതാവ് ഇപി ജയരാജന്‍. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ശിരോവസ്ത്രത്തെ എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
'മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത ആക്രമണമാണ് ആര്‍.എസ്.എസ് നയിക്കുന്ന ബിജെപി സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. ഉദാഹരണത്തിന് ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം.കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളെയെല്ലാം ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ആചാരനുഷ്ഠാനങ്ങളെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. വസ്ത്രധാരണം, ആഹാരം എന്നിവയെല്ലാം വ്യക്തിപരമായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവുമാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തെറ്റായ കാര്യമാണ്. എല്ലാകാലത്തും ഇത്തരം നടപടിക്കെതിരെ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഏതോ സാഹചര്യത്തില്‍ പ്രസംഗത്തിലൊരു പരാമര്‍ശം വന്നു. അത് തികച്ചും തെറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പ്രസ്താവന അനില്‍കുമാര്‍ തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്'-ഇ.പി ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി താമസിക്കുന്ന വീട്ടിലെ റെയ്ഡ് ജനാധിപത്യ വിരുദ്ധമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന്‍റെ പരിശോധന അംഗീകരിക്കാനാകില്ല. കേന്ദ്രത്തിന്‍റെ നടപടി തെറ്റാണ്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണിത്. സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാ് നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ വല്ലാത്തൊരു ഭയപ്പാടിലാണ്. അതിനാല്‍ ബിജെപിയെ അനുകൂലിക്കാത്ത സംഘടനകള്‍ക്കുംപാര്‍ട്ടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.