
കോട്ടയം: ആശങ്കകൾക്ക് വിരാമമിട്ട് ആൻ ടെസ്സ ജോസഫ് തിരികെ നാട്ടിലെത്തി. കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ 4 മലയാളി ജീവനക്കാരിലൊരാളാണ് ആൻ ടെസ ജോസഫ്. ഇന്ന് വൈകുന്നേരത്തോടെയാണ് കപ്പലിൽ നിന്നും മോചനം നേടി ആൻ ടെസ്സ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തിരികെ സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ ആശ്വാസവും സന്തോഷവുമുണ്ട് ടെസ്സയുടെ വാക്കുകളിൽ.
കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ആൻ ടെസ്സ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കൂടാതെ ഇന്ന് വരെ അറിയാത്ത കാണാത്ത നിരവധി പേരുടെ സഹായം ലഭിച്ചു. കപ്പലിൽ മാന്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും ജീവനക്കാരെ ഉപദ്രവിക്കുക എന്ന ലക്ഷ്യം കപ്പൽ പിടിച്ചെടുത്തവർക്ക് ഉണ്ടായിരുന്നില്ലെന്നും ആൻ ടെസ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കഴിക്കാനും സൗകര്യം നൽകിയിരുന്നു. കപ്പലിലുള്ള മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണ്. പെൺകുട്ടി എന്ന പരിഗണന കൊണ്ടാവാം ആദ്യം തന്നെ മോചിപ്പിച്ചതെന്നും ആൻ ടെസ്സ കൂട്ടിച്ചേർത്തു.
ആൻ ടെസ്സയുടെ മോചനത്തിന് പിന്നാലെ കപ്പലിലെ 16 ഇന്ത്യക്കാരായ ജീവനക്കാരെയും മോചിപ്പിക്കാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി വിശദമാക്കി. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇറാൻ സ്ഥാനപതി വ്യക്തമാക്കി. ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിൽ അവശേഷിക്കുന്ന മലയാളികള്‍. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam