
തൃശ്ശൂര്‍: അതിരപ്പിള്ളി മേഖലയില്‍ കാട്ടുപന്നികള്‍ ആന്ത്രാക്സ് ബാധിച്ച് ചത്ത സാഹചര്യത്തില്‍ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശത്തെ കന്നുകാലികള്‍ക്കുള്ള വാക്സിനേഷനാണ് തുടങ്ങിയത്. വളര്‍ത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ ഏഴ് കാട്ടുപന്നികളാണ് ആന്ത്രാക്സ് ബാധിച്ച് ചത്തത്. മണ്ണൂത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. എണ്ണപ്പന തോട്ടങ്ങളോട് ചേര്‍ന്ന പ്രദേശത്തെ കന്നുകാലികള്‍ ഉള്‍പ്പടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വളരെ വേഗത്തില്‍ വാക്സിന്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് രോഗ ബാധ കണ്ടെത്തിയിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ചത്ത പന്നികളെ കുഴിച്ചിട്ടവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കും. രണ്ടു കൊല്ലം മുമ്പും ഇതേ പ്രദേശത്ത് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ ആവര്‍ത്തിക്കുന്നതിനെക്കുറിച്ചും പരിശോധിക്കും. രോഗ ലക്ഷണങ്ങളോടെ മൃഗങ്ങളെ കണ്ടെത്തിയാല്‍ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനും ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 0487 2424 223