പൗരത്വ ഭേദഗതി നിയമം: കേന്ദ്രത്തിന്റെ കൈവിട്ട കളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Dec 19, 2019, 6:15 PM IST
Highlights
  • സിഐടിയു 14ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
  • ജമ്മുകശ്മീരിൽ പ്രധാന നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ്. അത് കേന്ദ്ര സർക്കാരിന്റെ അജണ്ട വ്യക്തമാക്കുന്ന സംഭവമാണ്

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാരിന്റെ കൈവിട്ട കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അജണ്ട ഓരോന്നായി രാജ്യത്ത് നടപ്പാക്കുകയാണെന്നും മതനിരപേക്ഷത തകർക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു 14ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രാജ്യത്തെ മതനിരപേക്ഷത ബോധപൂർവ്വം തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് ആദ്യം ഭരണഘടന തകർക്കണം. മതാധിഷ്‌ഠിത രാജ്യമാണ് അവർക്ക് വേണ്ടത്. ജമ്മുകശ്മീരിൽ പ്രധാന നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ്. അത് കേന്ദ്ര സർക്കാരിന്റെ അജണ്ട വ്യക്തമാക്കുന്ന സംഭവമാണ്." 

"പൗരത്വ ഭേദഗതി നിയമമായാലും ദേശീയ പൗരത്വ രജിസ്റ്ററായാലും എല്ലാം ആർ എസ് എസ് അജണ്ടയാണ്. ഒരു പ്രത്യേക മത വിഭാഗത്തെ ഉൾപ്പെടുത്തില്ലെന്ന് പച്ചയായി പറയുന്നു. അതി ഭീകരമായ അവസ്ഥയാണിത്. അതിനെതിരെ പ്രതിഷേധം ഉയരും, അത് സ്വാഭാവികം. രാജ്യം തിളച്ചു മറിയുകയാണ്. രാജ്യത്തെ യുവാക്കൾ തന്നെ ഇതിനെ ചോദ്യം ചെയ്തു രംഗത്ത് വരുന്നു."

"കേന്ദ്ര സർക്കാരിന്റെ കൈവിട്ട കളിയാണ്. വാർത്താ വിനിമയ മാർഗങ്ങളും മെട്രോ സർവ്വീസുകളുമടക്കം നിർത്തിവയ്ക്കുന്നു. ഭരണഘടന തകർക്കാൻ ശ്രമിക്കുന്നു. ഈ ശക്തികൾക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് വേണ്ടത്. ജനങ്ങൾ എല്ലാവരും ഒരേ രീതിയിൽ ശബ്ദിക്കണം. ഭരണഘടന സംരക്ഷിക്കാൻ നമുക്ക് ബോധ്യതയുണ്ട്," എന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!