
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം നടന്നു. പാലാരിവട്ടം ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന എല്‍ഡിഎഫ് മാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പൗരത്വഭേദഗതി നടപ്പാക്കാനുള്ള അമിത് ഷായുടെ ഭ്രാന്തിന് പുറകില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹകരിക്കണം. ബിജെപിയുടെ വർഗീയതക്ക് എതിരായ സമരത്തിൽ നിന്നും ചില യുഡിഎഫ് നേതാക്കൾ വിട്ടു നിൽക്കുന്നത് ശരിയല്ല. ജനുവരി 26ലെ സമരത്തിൽ നിന്ന് സങ്കുചിതമായ രാഷ്ട്രീയതിന്റെ പേരിൽ പ്രതിപക്ഷം വിട്ടു നിൽക്കരുത്.എല്‍ഡിഎഫിന്റെ മാത്രം സമരം ആയി ഇതിനെ കാണരുതെന്നും കാനം പറഞ്ഞു. പ്രതിഷേധങ്ങളുടെ ഭാഗമായി കണ്ണൂരിൽ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ റെയിൽവേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ദില്ലിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താനൂര്‍ നഗരസഭാ യോഗത്തില്‍ സംഘര്‍ഷമുണ്ടായി. വിവിധ കൗണ്‍സിലര്‍മാര്‍ നല്‍കിയ നോട്ടീസിന്മേല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുത്തപ്പോഴാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പ്രമേയം പാടില്ല എന്നായിരുന്നു ബിജെപിയുടെ ആവശ്യം. നഗരസഭയിലെ 44 അംഗങ്ങളില്‍ 10 പേര്‍ ബിജെപി അംഗങ്ങളാണ്.
അതേസമയം, പൗരത്വ ഭേദഗതി നിയമം ഭരണഘടനാ തത്വങ്ങൾക്ക് എതിരെന്നത് തെറ്റായ പ്രചാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആദ്യം തീരുമാനിച്ചത് രാജീവ് ഗാന്ധി സർക്കാരാണ്. 2007 മുതൽ താൻ ഒരു പാർട്ടി യിലും അംഗമല്ല. പക്ഷേ ,പാർലമെൻറ് ഒരു നിയമം പാസ്സാക്കിയാൽ അതിനെ അനുകൂലിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam